ദർബാർ ഹാൾ മൈതാനം ശിൽപ്പങ്ങളാൽ നിറയും
കൊച്ചി ഒരുവശത്ത് കടൽപ്പാതയിലൂടെ മുന്നേറുന്ന പായ്‌വഞ്ചികൾ, ലൈറ്റ് ഹൗസ്, സിനഗോഗ്, ചീനവല, കുലച്ചുനിൽക്കുന്ന തെങ്ങിൻകൂട്ടം. മറുവശത്ത് തെയ്യവും കഥകളിയും ഉൾപ്പെടെയുള്ള പൈതൃകകലാ ശിൽപ്പരൂപങ്ങൾ. കൊച്ചി ദർബാർ ഹാൾ മൈതാനം മുഖം മിനുക്കാൻ ഒരുങ്ങുന്നു. ജില്ലാ ടൂറിസം പ്രൊമോഷൻ കൗൺസിലിന്റെ അനുമതിയോടെ കൊച്ചിൻ സ്‌മാർട്ട് മിഷൻ ലിമിറ്റഡാണ് മൈതാനം അത്യാധുനികസൗകര്യങ്ങളോടെ നവീകരിക്കുന്നത്. ഓപ്പൺ സ്‌റ്റേജിന്റെ ഇരുവശങ്ങളിലെ ചുവരുകളിൽ കൊച്ചിയുടെ പൈതൃകശിൽപ്പങ്ങൾ ഒരുക്കും. ഇടതുവശത്ത് വനമേഖലയിലൂടെ നിരനിരയായി നീങ്ങുന്ന കൊമ്പന്മാർക്കുമുകളിലായാണ് കടലിന്റെ പശ്ചാത്തലത്തിൽ ശിൽപ്പങ്ങൾ ഒരുക്കുന്നത്. കടൽക്കരയോട് ചേർന്ന കുടിലുകളുടെ ശിൽപ്പങ്ങളും ചുവരിനെ മനോഹരമാക്കുന്നു. സ്‌റ്റേജിന്റെ വലതുവശത്തെ ചുവരിലാണ് കലാരൂപങ്ങൾ നിറഞ്ഞുനിൽക്കുന്നത്. കഥകളി, തെയ്യം, തിറ, ഓട്ടൻതുള്ളൽ, നൃത്തരൂപങ്ങൾ, ചെണ്ട, കൈകൾകൊണ്ടുള്ള മുദ്രകൾ തുടങ്ങിയ ശിൽപ്പങ്ങൾ ഇടംപിടിച്ചിട്ടുണ്ട്. മുഴുവൻ ശിൽപ്പങ്ങളുടെയും അവസാനഘട്ട മിനുക്കുപണികൾ പുരോഗമിക്കുകയാണ്. ശിൽപ്പനിർമാണത്തിനൊപ്പം മൈതാനത്തിനുചുറ്റുമുള്ള നടപ്പാതയും നവീകരിക്കുമെന്ന് ഡിടിപിസി സെക്രട്ടറി സതീഷ് മിറാൻഡ പറഞ്ഞു. ചുവർചിത്രങ്ങൾക്കൊപ്പം സ്‌റ്റേജും നവീകരിച്ച് ആകർഷകമാക്കുന്നുണ്ട്. മൈതാനത്തിന്റെ പ്രവേശനകവാടത്തിലും ഗേറ്റുകളിലും പ്രത്യേക രീതിയിൽ ശിൽപ്പങ്ങളും ചിത്രങ്ങളും ഇടംപിടിക്കും. നടപ്പാതയ്ക്ക് ചുറ്റുമായി ലൈറ്റുകൾ സ്ഥാപിക്കുന്നതാണ് മറ്റൊരു ആകർഷണീയത. ഇത് രാത്രിയിലെ മൈതാനക്കാഴ്‌ചയ്‌ക്ക് മിഴിവേകും. ഫീഡിങ് റൂം, ശുചിമുറി തുടങ്ങിയ സൗകര്യങ്ങളും മൈതാനത്ത് ഒരുക്കുന്നുണ്ട്. അഞ്ചുമാസംമുമ്പ് തുടങ്ങിയ നവീകരണം രണ്ടുമാസത്തിനകം പൂർത്തിയാക്കാനാകുമെന്ന് എൻജിനിയർ എൽദോ സണ്ണി പറഞ്ഞു. Read on deshabhimani.com