ഭവനനിർമാണ പദ്ധതി ; ആറാമത്തെ സ്നേഹവീടിന് കല്ലിട്ടു
കളമശേരി കളമശേരി നിയോജകമണ്ഡലത്തിൽ വിധവകളുടേത് ഉള്‍പ്പെടെ 30 കുടുംബങ്ങൾക്ക് വീട് നിർമിക്കുന്നതിന് വ്യവസായമന്ത്രി പി രാജീവ് ആവിഷ്കരിച്ച "സ്നേഹവീട്' പദ്ധതിയിൽ ആറാമത്തെ വീടിന് കല്ലിട്ടു. കളമശേരി വിടാക്കുഴ പരേതനായ തീനാട്ടിൽ ലത്തീഫിന്റെ ഭാര്യ നസീമയ്‌ക്ക് നിർമിക്കുന്ന വീടിനാണ് മന്ത്രി രാജീവ് കല്ലിട്ടത്. ആദ്യഘട്ടത്തിൽ 20 വീട് നിർമിക്കും. ചിറ്റിലപ്പിള്ളി ഫൗണ്ടേഷൻ, സിയാല്‍, സുഡ്കെമി, ഇൻകെൽ എന്നിവയുടെ സഹകരണത്തോടെയാണ് പദ്ധതി നടപ്പാക്കുന്നത്. രാജഗിരി ഫൗണ്ടേഷനാണ് പദ്ധതിനിർവഹണം. മറ്റ് സ്ഥാപനങ്ങളുടെ സഹായവും ഉൾപ്പെടുത്തും. എട്ടുലക്ഷം രൂപവീതം ചെലവഴിച്ചാണ് ഓരോ വീടും നിർമിക്കുക. 500 ചതുരശ്രയടി വിസ്തീർണമുണ്ടാകും. സ്നേഹവീട് പദ്ധതില്‍ നാല് വീടിന്റെ നിർമാണം നേരത്തേ പൂർത്തിയാക്കി. ഒരു വീട് പുരോഗമിക്കുന്നു. ഒപ്പം സാമൂഹ്യസുരക്ഷാ പദ്ധതികളുടെ ഭാഗമായാണ് "സ്നേഹവീട്' പദ്ധതിയും ആവിഷ്കരിച്ചതെന്ന് മന്ത്രി പി രാജീവ് പറഞ്ഞു. കളമശേരി നഗരസഭാ ചെയർപേഴ്സൺ സീമ കണ്ണൻ അധ്യക്ഷയായി. സംഘാടകസമിതി ചെയർമാൻ മുജീബ് റഹ്മാൻ, സിപിഐ എം ഏരിയ സെക്രട്ടറി കെ ബി വർഗീസ്, ടി എ ഹസൈനാർ, കെ കെ ശശി തുടങ്ങിയവർ സംസാരിച്ചു. Read on deshabhimani.com