ആലുവയിൽ വൻ തീപിടിത്തം ; കോടികളുടെ നഷ്ടം
ആലുവ ആലുവ–-പെരുമ്പാവൂര്‍ ദേശസാൽകൃത പാതയിൽ തോട്ടുമുഖത്തെ ഹൈടെക് പവര്‍ ആൻഡ് ടൂള്‍സിലുണ്ടായ തീപിടിത്തത്തില്‍ കോടികളുടെ നാശനഷ്ടം. മൂന്നു നിലകളുള്ള കെട്ടിടത്തിൽ ഞായർ പകൽ 2.30നാണ് തീപിടിത്തമുണ്ടായത്. മുകളിലെ രണ്ടു നിലകളിൽ ഉണ്ടായിരുന്ന സാധനങ്ങള്‍ പൂര്‍ണമായും കത്തിനശിച്ചു. സാനിറ്ററി സാധനങ്ങള്‍, സ്‌പെയര്‍പാര്‍ട്ടുകള്‍, വെല്‍ഡിങ് യന്ത്രങ്ങൾ, മോട്ടോറുകള്‍, ഇലക്‌ട്രിക്കല്‍ സാധനങ്ങള്‍ എന്നിവയാണ് ഗോഡൗണിലുണ്ടായത്. മൊത്തമായും ചില്ലറയായും ഇവിടെ സാധനങ്ങള്‍ വില്‍ക്കുന്നുണ്ട്. താഴത്തെ നിലയില്‍ മൂന്ന് സ്ത്രീകള്‍ ഉള്‍പ്പെടെ നാലു ജീവനക്കാരുണ്ടായിരുന്നു. ആര്‍ക്കും പരിക്കേറ്റില്ല. പാക്കിങ് ജീവനക്കാരി കീഴ്മാട് മലയന്‍കാട് സ്വദേശിനി ബുഷറ ശുചിമുറിയിൽ പോകുന്നതിനായി ഒന്നാംനിലയിൽ എത്തിയപ്പോഴാണ് തീപിടിത്തം ആദ്യം കണ്ടത്. സമീപത്ത് താമസിക്കുന്ന സ്ഥാപന ഉടമ സലിമിനെ ഉടൻ അറിയിച്ചു. സലിമും ജീവനക്കാരും ചേര്‍ന്ന് സ്ഥാപനത്തിലെ അഗ്നിശമനസംവിധാനം ഉപയോഗിച്ച് തീയണച്ചെങ്കിലും പുകഞ്ഞുനിന്ന കടലാസുപെട്ടികളിലെ തീ അല്‍പ്പനേരം കഴിഞ്ഞതോടെ ആളിപ്പടര്‍ന്നു. നൂറോളംപേര്‍ ജോലി ചെയ്യുന്ന സ്ഥാപനമാണെങ്കിലും ഞായറാഴ്ചയായതിനാല്‍ പാക്കിങ് വിഭാഗം മാത്രമാണ് പ്രവര്‍ത്തിച്ചത്. ആലുവയില്‍നിന്ന് അഗ്നിരക്ഷാ യൂണിറ്റ് എത്തിയെങ്കിലും ഫലമുണ്ടായില്ല. തുടർന്ന് പെരുമ്പാവൂർ, അങ്കമാലി എന്നിവിടങ്ങളിൽനിന്ന് ഏഴ് യൂണിറ്റെത്തി വൈകിട്ട് അഞ്ചോടെയാണ് തീയണച്ചത്. വൈദ്യുതി ഷോര്‍ട്ട് സര്‍ക്യൂട്ടാണ് കാരണമെന്നാണ് നിഗമനം. തോട്ടുമുഖം സ്വദേശികളായ സലിമിന്റെയും അസീറിന്റെയുമാണ് 12 വര്‍ഷമായി പ്രവര്‍ത്തിക്കുന്ന സ്ഥാപനം. ആലുവ–-പെരുമ്പാവൂര്‍ ദേശസാൽകൃത പാതയിൽ മണിക്കൂറോളം ഗതാഗതം മുടങ്ങി. Read on deshabhimani.com