ബഹിരാകാശ വിജ്ഞാനം പകർന്ന് ഐഎസ്ആർഒ



കളമശേരി   ഇന്ത്യയുടെ ആദ്യ ബഹിരാകാശ ദൗത്യമായി 1967ന് നവംബർ 20ന് തുമ്പയിൽനിന്ന് വിക്ഷേപിച്ച രോഹിണി റോക്കറ്റ് മുതൽ 57 വർഷംകൊണ്ട് ഇന്ത്യ കൈവരിച്ച നേട്ടങ്ങൾ സംബന്ധിച്ച വിവരങ്ങൾ സമഗ്രമായി കൈമാറുന്നതാണ് ഐഎസ്ആർഒയുടെ പ്രദർശന സ്റ്റാൾ. വിജ്ഞാനവും വിവരവും കൗതുകവുമെല്ലാം പങ്കുവയ്ക്കുന്ന സ്റ്റാൾ മോഡലുകളും ചിത്രങ്ങളുംകൊണ്ട് സജീവം. ബഹിരാകാശ ഉപകരണങ്ങളുടെ ആവിർഭാവം, അവയുടെ പിൻമാറ്റം, പുതുക്കിയ രൂപഭാവങ്ങൾ, പുതിയ ആവശ്യങ്ങൾക്കായി രൂപമെടുത്തവ എന്നിവയെല്ലാം വിജ്ഞാനാധിഷ്ഠിത മാതൃകകളായി സ്റ്റാളിലെത്തുന്നവരെ ആകർഷിക്കുന്നു.  എസ്എൽവി, എഎസ്എൽവി തുടങ്ങിയ ഉപഗ്രഹവിക്ഷേപിണികൾ, പിഎസ്എൽവി, ജിഎസ്എൽവി ശ്രേണിയിൽപ്പെട്ടവ, എസ്എസ്എൽവി തുടങ്ങിയ വിക്ഷേപിണികളുടെ മാതൃകകളും സ്റ്റാളിൽ ഒരുക്കിയിട്ടുണ്ട്. ഇന്ത്യയുടെ ആദ്യ ഉപഗ്രഹമായ ആര്യഭട്ട, ഗതിനിയന്ത്രണത്തിനുള്ള ഐആർഎൻഎസ്എസ് - 10, ട്രോപ്പിക്കൽ ജല സൈക്കിൾ, ഊർജ വിനിമയ സാധ്യതകൾ പഠനവിധേയമാക്കുന്ന മേഘ ട്രോപ്പിക്‌സ്‌, ഇന്ത്യൻ നാഷണൽ സാറ്റലൈറ്റ്, മംഗൾയാൻ തുടങ്ങിയ ഉപഗ്രഹ മാതൃകകളുമുണ്ട്. ഗഗൻയാൻ, കമ്യൂണിക്കേഷൻ സാറ്റലൈറ്റ്, സ്പേസ് ക്യാപ്സൂൾ റിക്കവറി എക്സ്പെരിമെന്റ്‌ എന്നിവയും വിവരങ്ങൾ പങ്കുവയ്ക്കുന്നവയാണ്. മുൻരാഷ്ട്രപതി എ പി ജെ അബ്ദുൾ കലാം ഉൾപ്പെടെ ബഹിരാകാശ വിജ്ഞാനത്തിൽ ചെലുത്തിയ സംഭാവനകൾ പ്രദർശനം വരച്ചുകാട്ടുന്നു. Read on deshabhimani.com

Related News