രാജ്യാന്തര സൈക്കിളിങ് മാരത്തൺ ; 1600 കിലോമീറ്റർ ചവിട്ടിക്കയറി ഗലിൻ എബ്രഹാം



പറവൂർ രാജ്യാന്തര സൈക്കിളിങ് മാരത്തണിൽ "മിഗ്‌ലിയ ഇറ്റാലിയ–-2024' പറവൂർ ഈരാളിൽ ഗലിൻ എബ്രഹാം (54) ഇന്ത്യയെ പ്രതിനിധാനം ചെയ്‌ത്‌ വിജയിയായി. ബംഗളൂരുവിൽ താമസിക്കുന്ന മലയാളി സി ടി വിനുവും വിജയിച്ചു. വിവിധ രാജ്യങ്ങളിൽനിന്ന്‌ നാനൂറ്റമ്പതോളം സൈക്കിൾ റൈഡേഴ്‌സ് പങ്കെടുത്ത മത്സരത്തിലാണ്‌ ഇവരുടെ നേട്ടം. അതിസാഹസികമായി 1600 കിലോമീറ്റർ യാത്രചെയ്ത്‌ ഫിനിഷിങ് പോയിന്റിൽ എത്തുന്നവരെയാണ് വിജയിയായി പ്രഖ്യാപിക്കുന്നത്. ആഗസ്ത്‌ 16ന് ഇറ്റലിയിലെ മിലൻ നഗരത്തിൽനിന്ന്‌ മാരത്തൺ തുടങ്ങി. പോവാലി, ടസ്‌കാനിയ, സിയീന, കാസ്റ്റലോണിയ എന്നിവിടങ്ങളിലൂടെ കടന്ന് റോമിലെത്തി തിരിച്ച് ഫിനിഷിങ് പോയിന്റിൽ എത്തുകയായിരുന്നു വെല്ലുവിളി. 134 മണിക്കൂർ അനുവദിച്ചതിൽ ഗെലിൻ 129 മണിക്കൂറും 32 മിനിറ്റിനുമകം വിജയം കൊയ്തു. പകൽ 38 ഡിഗ്രി സെൽഷ്യസ് കൊടുംചൂടും രാത്രി അസഹനീയ തണുപ്പും മഴയും കടന്നാണ് മാരത്തൺ പൂർത്തിയാക്കിയത്. ലോകത്തിലെതന്നെ ഏറ്റവും വലിയ സൈക്കിൾ മാരത്തണാണിത്‌. "ലുക്ക്' ബ്രാൻഡിന്റെ സൈക്കിളാണ് സവാരിക്ക് ഉപയോഗിച്ചത്. "മിഗിലിയ ഇറ്റാലിയ'യിൽ ഇന്ത്യയിൽനിന്ന്‌ ആദ്യമായാണ് പ്രതിനിധികൾ പങ്കെടുക്കുന്നത്. പന്ത്രണ്ട്‌ വർഷമായി സൈക്കിൾ റൈഡിലുള്ള ഇദ്ദേഹം രാജ്യാന്തര മാരത്തണായ പാരിസ് ബ്രസ്റ്റ് പാരീസിൽ (1230 കിലോമീറ്റർ) രണ്ടുതവണയും ലണ്ടൻ എഡിൻബർഗ് മാരത്തണിൽ (1440 കിലോമീറ്റർ) ഒരുതവണയും ഫിനിഷ് ചെയ്ത് പുരസ്‌കാര ജേതാവായിട്ടുണ്ട്. ഇന്ത്യയിൽത്തന്നെ പന്ത്രണ്ടോളം സൈക്കിൾ റൈഡിൽ പങ്കെടുത്ത അപൂർവതയും ഇദ്ദേഹത്തിനുണ്ട്. പറവൂരിൽ ബിസിനസുകാരനാണ് ഗലിൻ. ഭാര്യ: ഷീന ഗലിൻ. മക്കൾ: എൽസ, എമിൻ. Read on deshabhimani.com

Related News