വേദനകളിൽ മരുന്നായി ഓണാഘോഷം

എറണാകുളം ജനറൽ ആശുപത്രിയിലെ ഓണാഘോഷത്തോടനുബന്ധിച്ച്‌ ജീവനക്കാർ നടത്തിയ ഫാഷൻ ഷോ


കൊച്ചി സങ്കടങ്ങൾക്ക്‌ അവധി നൽകി മത്സരങ്ങളും ആഘോഷങ്ങളുമായി ആശുപത്രികളിലെ ഓണാഘോഷം. ജീവനക്കാർ പരിപാടികൾ അവതരിപ്പിച്ചും മത്സരങ്ങളിൽ പങ്കാളികളായും എത്തിയപ്പോൾ ആസ്വാദകരായി കൈയടിച്ച്‌ പ്രോത്സാഹിപ്പിച്ച്‌ രോഗികളും കൂട്ടിരിപ്പുകാരും ഓണത്തെ വരവേറ്റു. എറണാകുളം ജനറൽ ആശുപത്രിയിൽ അത്തംമുതൽ 10 ദിവസവും വിവിധ പരിപാടികളോടെയാണ്‌ ഓണാഘോഷം. സൂപ്രണ്ട്‌ ഡോ. ആർ ഷഹിർഷാ ആഘോഷങ്ങൾക്ക്‌ നേതൃത്വം നൽകി. ഫാഷൻ ഷോ, വടംവലി മത്സരം, തട്ടുകട മത്സരം, പായസമേള, ഭക്ഷ്യമേള, പൂക്കളമത്സരം എന്നിങ്ങനെ ഓരോ ദിവസവും വിവിധ പരിപാടകളുണ്ട്‌. ആധുനിക വസ്ത്രങ്ങളും പാരമ്പര്യ വസ്‌ത്രങ്ങളും അണിഞ്ഞ്‌ ജീവനക്കാർ റാമ്പിൽ ചുവടുവച്ചു. പുരുഷന്മാർക്കും സ്‌ത്രീകൾക്കും പ്രത്യേകമായി സംഘടിപ്പിച്ച വടംവലി മത്സരത്തിൽ വാശിയേറിയ പോരാട്ടം നടന്നു. മികച്ച ടീമിന്‌ ട്രോഫിയും നൽകി. വ്യാഴാഴ്‌ചയാണ്‌ പൂക്കളമത്സരം. പാലിയേറ്റീവ്‌ പരിചരണത്തിലുള്ള 600 പേർക്ക്‌ ഓണക്കിറ്റുകൾ വിതരണം ചെയ്‌തു. ഉത്രാടദിവസം പാലിയേറ്റീവ്‌ രോഗികൾക്ക്‌ ഓണസദ്യയുമുണ്ട്‌. വയനാട്‌ ദുരന്തത്തിന്റെ പശ്‌ചാത്തലത്തിൽ എറണാകുളം ഗവ. മെഡിക്കൽ കോളേജ്‌ ആശുപത്രിയിൽ ഓണാഘോഷ പരിപാടികൾ ചുരുക്കി. നഗരത്തിലെ സ്വകാര്യ ആശുപത്രികളും പൂക്കളവും ഓണസദ്യയുമായി ഓണത്തെ വരവേറ്റു. Read on deshabhimani.com

Related News