വിലയിൽ വിളച്ചിലില്ല , സമൃദ്ധിയോടെ പച്ചക്കറി വിപണി
കൊച്ചി ഓണക്കാലത്ത് പച്ചക്കറി വിലക്കയറ്റം പതിവ് വാർത്തയാണെങ്കിലും ഇക്കുറി അത് പഴങ്കഥ. അയൽസംസ്ഥാനങ്ങളിൽനിന്ന് പച്ചക്കറികൾ എത്തുന്നതിനൊപ്പം ഓണക്കാലം ലക്ഷമിട്ട് നാട്ടിൽ വ്യാപകമായി നടത്തിയ കൃഷിയിൽ മികച്ച വിളവുണ്ടായതുമാണ് വിലക്കയറ്റത്തിന് തടയിട്ടത്. സർക്കാർ ഏജൻസികളുടെ വിപണി ഇടപെടലും കാര്യക്ഷമമായതോടെ ഓണക്കാലത്ത് പച്ചക്കറി വില പൊള്ളുന്നു എന്ന പതിവ് പല്ലവിയും നാടുനീങ്ങി. വെള്ളരിക്കും മത്തങ്ങയ്‌ക്കും കുമ്പളങ്ങയ്‌ക്കുമെല്ലാം കടകളിൽ കിലോ 40 രൂപ മാത്രം. പയർ–-40, വെണ്ടയ്‌ക്ക–-40, ബീൻസ്–-60 എന്നിങ്ങനെയാണ് കിലോയ്‌ക്ക് വില. നാടൻ ഏത്തക്കായ കിലോയ്‌ക്ക് 65 രൂപയ്‌ക്ക് ലഭിക്കും. തക്കാളി നാടനും വരവിനും 40 രൂപയാണ്. കാബേജ്, മുരിങ്ങയ്‌ക്ക, സവാള, ഉരുളക്കിഴങ്ങ് എന്നിവ കിലോ 50 രൂപ. കഴിഞ്ഞതവണത്തേക്കാൾ ഈ ഓണത്തിന് വില കുറവാണെന്ന് 60 വർഷമായി പച്ചക്കറി വ്യാപാരം നടത്തുന്ന കലൂർ മാർക്കറ്റിലെ ഒ എ അഷ്‌റഫ് പറഞ്ഞു.ചുരുക്കം ഇനങ്ങൾക്ക് മാത്രമാണ് പതിവിലും അൽപ്പം വില കൂടുതൽ. കാരറ്റിന് 120, ചെറുനാരങ്ങയ്ക്ക് 140, മധുരക്കിഴങ്ങിന് 100 എന്നീ ഇനങ്ങളാണ് അക്കൂട്ടത്തിലുള്ളത്. ഹോർട്ടികോർപ്പിന്റെ പച്ചക്കറിച്ചന്തകളിൽ പൊതുവിപണിയെക്കാൾ വിലക്കുറവിൽ പച്ചക്കറി ലഭ്യമാകുന്നുണ്ട്. കാരറ്റ് കിലോയ്‌ക്ക് 70 രൂപയ്‌ക്കും തക്കാളി 35നും നാടൻ ഏത്തയ്‌ക്ക 48നും ലഭിക്കും. വെള്ളരിക്ക–-26, കുമ്പളങ്ങ–-20, മത്തങ്ങ–-20 എന്നിങ്ങനെയാണ് ഹോർട്ടികോർപ് വില. മുരിങ്ങയ്‌ക്ക–-35, പയർ–-25, വഴുതനങ്ങ–-35, കാബേജ്–-35, സവാള–-54, ഉരുളൻകിഴങ്ങ്–-37 എന്നിങ്ങനെയാണ് ഒരു കിലോയ്‌ക്ക് ഹോർട്ടികോർപ്പിന്റെ ഓണച്ചന്തകളിൽനിന്ന് ലഭിക്കുന്നത്. ജില്ലയിൽ പതിനഞ്ചോളം ഹോർട്ടികോർപ് ചന്തകൾ പ്രവർത്തനം ആരംഭിച്ചിട്ടുണ്ട്. Read on deshabhimani.com