"വർത്തമാനങ്ങളി’ൽ തെളിയുന്നത്‌
 വേറിട്ട കാഴ്‌ചകൾ



കൊച്ചി ഒരുചിത്രം, അതിൽ ഗ്രാമനന്മകൾ ഒപ്പിയെടുത്ത നൂറുകണക്കിന്‌ ചിത്രങ്ങൾ. അപൂർവചിത്രങ്ങളുടെ പ്രദർശനങ്ങൾക്ക്‌ ‘വർത്തമാനങ്ങൾ’ കൊച്ചി ദർബാർ ഹാൾ ആർട്ട്‌ ഗ്യാലറിയിൽ തുടക്കം. ചിത്രകാരൻ ജി ഉണ്ണിക്കൃഷ്‌ണൻ കാലങ്ങളായി വരച്ച്‌ തന്റെ വീട്ടകങ്ങളിൽ അങ്ങിങ്ങായി കൂട്ടിയിട്ടിരുന്ന ചിത്രങ്ങൾ കേരള ലളിതകലാ അക്കാദമി മുൻകൈയെടുത്താണ്‌ ആർട്ട്‌ ഗ്യാലറിയിൽ പ്രദർശിപ്പിക്കുന്നത്‌. രാജാരവിവർമ കോളേജ്‌ ഓഫ്‌ ഫൈൻ ആർട്‌സ്‌ ചിത്രകലാ വിഭാഗം മേധാവിയായിരുന്ന മാവേലിക്കര കൊറ്റാർകാവ്‌ തടത്തിൽ പുത്തൻവീട്ടിൽ ജി ഉണ്ണിക്കൃഷ്‌ണൻ, 2016ൽ സർവീസിൽനിന്ന്‌ വിരമിച്ച്‌, 2022ൽ അർബുദം ബാധിച്ച്‌ മരണത്തിന്‌ കീഴടങ്ങിയതുവരെയുള്ള ആറു വർഷങ്ങളിലാണ്‌ ഈ അപൂർവചിത്രങ്ങൾ വരച്ചത്‌. ചിത്രകലാപഠന വിദ്യാർഥികളും ചിത്രകാരന്മാരും നിശ്ചയമായും കണ്ടിരിക്കേണ്ട പ്രദർശനമാണിത്‌. മനസ്സിൽ അടക്കിവച്ചിരുന്ന വേറിട്ട കാഴ്‌ചകൾ, അർധരാത്രി തുടങ്ങി പുലർച്ചെ വീട്ടുകാർ ഉണരുംമുമ്പേ ചിത്രമാക്കി മാറ്റിയിരുന്നു. ബോൾപെൻ, ജെൽപെൻ, ചാർകോൾ തുടങ്ങിയവ ഉപയോഗിച്ച്‌, കട്ടികൂടിയ കടലാസ്‌പ്രതലത്തിൽ മുകളിൽനിന്നുള്ള കാഴ്‌ച എന്ന നിലയിലാണ്‌ ചിത്രങ്ങൾ വരച്ചിട്ടുള്ളത്‌. വർണച്ചിത്രങ്ങൾ ഒരുക്കുന്നതിലും പ്രതിഭയായിരുന്ന ഉണ്ണിക്കൃഷ്‌ണന്‌ ലളിതകലാ അക്കാദമി അവാർഡ്‌ ഉൾപ്പെടെ നിരവധി പുരസ്കാരങ്ങൾ ലഭിച്ചിട്ടുണ്ട്‌. പ്രണയം, പ്രകൃതി, സൂഫി സംഗീതം, ജോക്കർ തുടങ്ങി കോഴി മോഷ്ടാവുവരെയുള്ള അപൂർവങ്ങളായ കാഴ്‌ചകൾ ചിത്രങ്ങളിൽ ഇടംപിടിച്ചിട്ടുണ്ട്‌. മനുഷ്യർക്ക്‌ ഏറെ പ്രാധാന്യം നൽകിയാണ്‌ വരകൾ ഏറെയും. ഇവ വീട്ടിലെ കട്ടിലിനടിയിലും അലമാരയ്ക്കുപിന്നിലും ഷെൽഫിലും മേശയിലും അലക്ഷ്യമായി ഇട്ടിരിക്കുകയായിരുന്നു. പ്രദർശനത്തിന്റെ ക്യൂറേറ്റർമാരായ രാജാരവിവർമ കോളേജ്‌ പ്രിൻസിപ്പൽ മനോജ്‌ വൈലൂർ, തിരുവനന്തപുരം കോളേജ്‌ ഓഫ്‌ ഫൈൻ ആർട്‌സ്‌ പെയിന്റിങ്‌ വിഭാഗം മേധാവി ഷിജോ ജേക്കബ്‌ എന്നിവരാണ്‌ ചിത്രങ്ങൾ കണ്ടെത്തി പ്രദർശനത്തിന്‌ എത്തിച്ചത്‌. ഉണ്ണിക്കൃഷ്‌ണന്റെ അപൂർവ കുറിപ്പുകളും പ്രദർശനത്തിലുണ്ട്‌. 20ന്‌ സമാപിക്കും. Read on deshabhimani.com

Related News