ലീഗ്‌ നേതൃത്വത്തിനെതിരെ
 തുറന്നപോരിന്‌ വിമതപക്ഷം



കൊച്ചി മുൻമന്ത്രി വി കെ ഇബ്രാഹിംകുഞ്ഞ്‌ വിഭാഗത്തോടുള്ള എതിർപ്പിന്റെ പേരിൽ അച്ചടക്കനടപടി നേരിടുന്ന ജില്ലാ മുസ്ലിംലീഗിലെ വിമതവിഭാഗം കടുത്ത തീരുമാനത്തിലേക്ക്‌. ഒന്നരവർഷംമുമ്പ്‌ ജില്ലാ പ്രസിഡന്റ്‌ സ്ഥാനത്തുനിന്ന്‌ സസ്‌പെൻഡ്‌ ചെയ്യപ്പെട്ട ഹംസ പറക്കാട്ടിന്റെ നേതൃത്വത്തിലുള്ള വിമതരിലെ ഒരുവിഭാഗമാണ്‌ പാർടി വിടുന്നത്‌ ഉൾപ്പെടെയുള്ള തീരുമാനത്തിലേക്ക്‌ നീങ്ങുന്നത്‌. കഴിഞ്ഞദിവസം കളമശേരിയിൽ ഇവർ വിളിച്ചുചേർത്ത യോഗത്തിൽ, എൽഡിഎഫ്‌ ബന്ധമുപേക്ഷിച്ച പി വി അൻവർ എംഎൽഎ പങ്കെടുത്തിരുന്നു. യൂത്ത്‌ ലീഗ്‌ നേതാക്കൾ ഉൾപ്പെടെ നൂറോളം വി കെ ഇബ്രാഹിംകുഞ്ഞ്‌ വിരുദ്ധ നേതാക്കളും പങ്കെടുത്തു. മകന്റെ തെരഞ്ഞെടുപ്പ്‌ തോൽവിക്കുപിന്നാലെ സംസ്ഥാന നേതൃത്വവുമായി ചേർന്ന്‌ ജില്ലയിലെ വിമതപക്ഷത്തിനെതിരെ വി കെ ഇബ്രാഹിംകുഞ്ഞ്‌ തുടരുന്ന പ്രതികാരനടപടികളാണ്‌ വിമതനീക്കത്തിന്‌ പിന്നിൽ. ഹംസ പറക്കാട്ടും യൂത്ത്‌ ലീഗ്‌ നേതാവ്‌ സഫീറും ഉൾപ്പെടെ 10 നേതാക്കൾക്ക്‌ എതിരെയാണ്‌ ഒന്നരവർഷത്തിനിടെ അച്ചടക്കനടപടിയുണ്ടായത്‌. ഇതുവരെ നടപടി പിൻവലിക്കാത്തതാണ്‌ കടുത്തനീക്കത്തിന്‌ കാരണം. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിൽ വി കെ ഇബ്രാഹിംകുഞ്ഞിന്റെ മകൻ വി എ അബ്ദുൾ ഗഫൂർ കളമശേരിയിൽ പരാജയപ്പെട്ടതിനെ തുടർന്നാണ്‌ സംസ്ഥാന നേതൃത്വത്തിന്റെ പിന്തുണയോടെ വിമതപക്ഷത്തിനെതിരെ അച്ചടക്കനടപടികളാരംഭിച്ചത്‌. ടി എ അഹമ്മദ്‌ കബീർ വിഭാഗത്തിന്റെ എതിർപ്പിനെ തുടർന്നാണ്‌ ഇബ്രാഹിംകുഞ്ഞിന്‌ സ്ഥാനാർഥിത്വം നഷ്ടമായത്‌. എന്നാൽ, എതിർപ്പിനെ അവഗണിച്ച്‌ മകനെ സ്ഥാനാർഥിയാക്കാനായി. അബ്ദുൾ ഗഫൂറിന്റെ തോൽവിക്ക്‌ കളമൊരുക്കിയാണ്‌ വിമതർ മറുപടി നൽകിയത്‌. തുടർന്നാണ്‌ ലീഗ്‌ ജില്ലാ കമ്മിറ്റിയിൽ വിമതപക്ഷത്തിനെതിരെ ഇബ്രാഹിംകുഞ്ഞ്‌ നീക്കമാരംഭിച്ചത്‌. ജില്ലാ കമ്മിറ്റി പിടിച്ചെടുക്കാനുള്ള നീക്കം പാളിയപ്പോൾ വിമതപക്ഷത്തെ ഹംസ പറക്കാട്ടിനെ പ്രസിഡന്റായി അംഗീകരിച്ച്‌ മകനെ ജനറൽ സെക്രട്ടറിയാക്കി. അധികം വൈകാതെ, ഹംസയെ സാമ്പത്തിക തിരിമറിയുടെ പേരിൽ പ്രസിഡന്റ്‌ സ്ഥാനത്തുനിന്ന്‌ സസ്‌പെൻഡ്‌ ചെയ്‌തു. പിന്നാലെ മറ്റുള്ളവരെയും. പാർടി നേതൃത്വത്തിൽനിന്ന്‌ പരിഗണന ലഭിക്കാത്ത സാഹചര്യത്തിലാണ്‌ കഴിഞ്ഞദിവസം കളമശേരിയിൽ യോഗം ചേർന്നത്‌. എന്നാൽ, പി വി അൻവറുമായി ചേരുന്നതിനോട്‌ വിമതപക്ഷത്തെ ഒരു വിഭാഗത്തിന്‌ യോജിപ്പില്ല. അതുകൊണ്ടുതന്നെ വലിയൊരു വിഭാഗം യോഗത്തിൽനിന്ന്‌ വിട്ടുനിന്നു. എല്ലാവർക്കും സ്വീകാര്യമായ സംവിധാനത്തെക്കുറിച്ചും വിമതപക്ഷം ആലോചിക്കുന്നുണ്ട്‌. Read on deshabhimani.com

Related News