ഇൻഫോപാർക്ക് ഭൂമിയേറ്റെടുക്കൽ ; നഷ്ടപരിഹാരത്തുക ഉയർത്തി ഹെെക്കോടതി
കൊച്ചി കാക്കനാട് ഇൻഫോപാർക്ക് രണ്ടാംഘട്ടത്തിനായി ഏറ്റെടുത്ത ഭൂമിക്ക് നഷ്ടപരിഹാരത്തുക ഉയർത്തി ഹൈക്കോടതി ഉത്തരവ്. രണ്ടരസെന്റിന് 7,06,745 രൂപവീതം ഭൂ ഉടമകൾക്ക് അർഹതയുണ്ടെന്നും ഇതിനൊപ്പം ഭൂമി ഏറ്റെടുക്കൽ നിയമപ്രകാരമുള്ള വകുപ്പുകളിലെ ആനുകൂല്യങ്ങൾ നൽകണമെന്നും ഹൈക്കോടതി വ്യക്തമാക്കി. പി ജെ ആന്റണി ഉൾപ്പെടെ 34 ഭൂ ഉടമകൾ നൽകിയ അപ്പീലിൽ ജസ്റ്റിസ് അമിത് റാവൽ, ജസ്റ്റിസ് എസ് ഈശ്വരൻ എന്നിവർ ഉൾപ്പെട്ട ഡിവിഷൻ ബെഞ്ചാണ് ഉത്തരവായത്. നികത്തുഭൂമി ഉൾപ്പെടെ പല വിഭാഗത്തിൽപ്പെട്ട ഭൂമി ഉണ്ടായിരുന്നെങ്കിലും ഒരേ ഉദ്ദേശ്യത്തോടെ ഏറ്റെടുക്കുന്ന ഭൂമിക്ക് ഏകീകൃതമായിട്ടാണ് വില നിശ്ചയിക്കേണ്ടത് എന്ന സുപ്രീംകോടതി ഉത്തരവിന്റെ അടിസ്ഥാനത്തിലാണ് ഹൈക്കോടതി നിർദേശം. ഇൻഫോപാർക്ക് രണ്ടാംഘട്ടത്തിനായി കുന്നത്തുനാട് വില്ലേജിൽ 100 ഏക്കറിലേറെ ഭൂമിയാണ് ഏറ്റെടുത്തത്. ഭൂ ഉടമകൾ സെന്റിന് എട്ടുലക്ഷം ആവശ്യപ്പെട്ടിരുന്നു. ഇത് ലഭിക്കാതായതോടെ ഭൂ ഉടമകൾ പെരുമ്പാവൂർ സബ് കോടതിയെ സമീപിച്ചു. ഹർജി കാലഹരണപ്പെട്ടതാണെന്ന് ചൂണ്ടിക്കാട്ടി ഹർജി തള്ളി. തുടർന്ന് ഹൈക്കോടതിയിൽ നൽകിയ അപ്പീലിൽ സബ്കോടതി ഉത്തരവ് റദ്ദാക്കിയാണ് നഷ്ടപരിഹാരത്തുക ഉയർത്തി ഉത്തരവായത്. ഹർജിക്കാർക്കുവേണ്ടി അഡ്വ. ടി ആർ എസ് കുമാർ ഹാജരായി. Read on deshabhimani.com