അഭയാരണ്യത്തിന് ഹരിത ടൂറിസത്തിന്റെ തലപ്പൊക്കം
പെരുമ്പാവൂർ കണ്ടാലും കണ്ടാലും മതിവരാത്ത കരിവീരന്മാരുടെയും മനോഹര കാഴ്‌ചകളുടെയും തലപ്പൊക്കമുണ്ട് അഭയാരണ്യത്തിന്. അത് വീണ്ടുമുയർത്തി ഹരിതടൂറിസം കേന്ദ്രമാകുകയാണ് വനംവകുപ്പിന്റെ കോടനാട് അഭയാരണ്യ കേന്ദ്രം. മാലിന്യത്തെ പൂർണമായി പടിക്കുപുറത്താക്കിയാണ് നേട്ടം കൈവരിച്ചത്. വ്യാഴം രാവിലെ 9.30ന് കലക്ടർ എൻ എസ് കെ ഉമേഷ് അഭയാരണ്യം ഹരിതടൂറിസം കേന്ദ്രമായി പ്രഖ്യാപിക്കും. മൃഗങ്ങൾക്ക് സ്വാഭാവിക ആവാസവ്യവസ്ഥ ഉറപ്പാക്കുന്ന കേന്ദ്രത്തിൽ മാലിന്യം പൂർണമായി ഒഴിവാക്കാൻ വനംവകുപ്പ്, ശുചിത്വകേരള മിഷൻ നിയമങ്ങൾ കർശനമായി നടപ്പാക്കുകയായിരുന്നു. ആന, മാൻ, മ്ലാവ് ഉൾപ്പെടെയുള്ള വന്യമൃഗങ്ങൾ ഇവിടെയുണ്ട്. ദിവസവും നൂറുകണക്കിന് സന്ദർശകരാണ് എത്തുന്നത്. അവധിദിവസങ്ങളിൽ 2000 പേർവരെയെത്തും. ഇതോടെ പ്ലാസ്‌റ്റിക് കുപ്പികൾ ഉൾപ്പെടെയുള്ള മാലിന്യങ്ങൾ ഉയർത്തുന്ന വെല്ലുവിളിയും വർധിച്ചു. ഇതിന് പരിഹാരം ഉറപ്പാക്കാൻ വനംവകുപ്പ് തീരുമാനിച്ചതാണ് ഹരിത ടൂറിസത്തിലേക്ക് വഴിതെളിച്ചത്. മാസങ്ങൾക്കുമുമ്പ് തുറന്ന കുട്ടികളുടെ പാർക്കിൽ നാല് ബോട്ടിൽബൂത്തും വിവിധ സ്ഥലങ്ങളിലായി 30 മാലിന്യസംഭരണികളും സജ്ജമാക്കി. മാലിന്യം വലിച്ചെറിയാതിരിക്കാനുള്ള സന്ദേശം നൽകാൻ 30 ബോർഡ് സ്ഥാപിച്ചു. മാലിന്യം ശേഖരിക്കാൻ മാത്രമായി ഒരാളെ നിയമിച്ചിട്ടുണ്ട്. മറ്റുള്ള ജീവനക്കാരും മാലിന്യസംസ്കരണത്തിന് സഹകരിക്കുമെന്ന് അഭയാരണ്യത്തിന്റെ ചുമതലയുള്ള സെക്‌ഷൻ ഫോറസ്റ്റ് ഓഫീസർ ജി കെ ശ്രീകാന്ത് പറഞ്ഞു. ജൈവമാലിന്യം ഇവിടെത്തന്നെ സംസ്കരിക്കും. പ്ലാസ്റ്റിക് മാലിന്യം തരംതിരിച്ച് കൂവപ്പടി പഞ്ചായത്തിലെ ഹരിതകർമസേനയ്ക്ക് കൈമാറും. പാർക്കിൽ കുട്ടികൾ വലിച്ചെറിയുന്ന മിഠായി, ബിസ്കറ്റ് തുടങ്ങിയവയുടെ കവറുകൾ ഉടനടി നീക്കം ചെയ്യും. അതീവ സുരക്ഷയോടെ വളർത്തുന്ന മൃഗങ്ങളുടെ താവളങ്ങളിൽ ഇവ ഇടാതിരിക്കാൻ പ്രത്യേകം നിരീക്ഷണമുണ്ട്. ആനപ്പിണ്ടം ഉപയോഗിച്ച് ജൈവവളം നിർമിക്കാനുള്ള പ്ലാന്റ് 20 ലക്ഷം രൂപ മുടക്കി അഭയാരണ്യത്തിൽ സ്ഥാപിച്ചു. ഉൽപാദിപ്പിക്കുന്ന ജൈവവളം കർഷകർക്ക് വിൽക്കും. ചിത്രശലഭ പാർക്കിലെ സസ്യങ്ങൾക്ക് വളമായും ഉപയോഗിക്കും. മാലിന്യമുക്തം നവകേരളത്തിന് ഹരിതചാരുത പകരുകയാണ് അഭയാരണ്യം മാതൃക. Read on deshabhimani.com