എംവിഡി തീവ്രയജ്ഞം അദാലത്ത് ; ജില്ലയിൽ തീര്‍പ്പാക്കിയത് 400 ഫയല്‍



തൃക്കാക്കര ജില്ലാ മോട്ടോർ വാഹനവകുപ്പ്  ആരംഭിച്ച തീവ്രയജ്ഞം ഫയൽ അദാലത്തിൽ 400 ഫയലുകൾ തീർപ്പാക്കി. ജോയി​ന്റ് ആർടിഒയുടെ താൽക്കാലിക ചുമതലയേറ്റെടുത്ത കെ ജി ബിജുവി​ന്റെ നേതൃത്വത്തിൽ രണ്ടുമാസംമുമ്പാണ് അദാലത്ത് നടപടി ആരംഭിച്ചത്. അഞ്ഞൂറോളം കാലവധി കഴിഞ്ഞ വാഹനങ്ങളുടെ രജിട്രേഷൻ റദ്ദാക്കാനുള്ള അപേക്ഷ‌ വർഷങ്ങളായി ‌ഓഫീസിൽ  ‌കെട്ടിക്കിടക്കുകയായിരുന്നു. ‌അപേക്ഷകനെ വിളിച്ചുവരുത്തി സെക്‌ഷൻ ക്ലർക്കുമാർക്കും അസിസ്‌റ്റന്റ്‌ മോട്ടോർ വാഹന ഇൻസ്പെക്ടർമാർക്കും പ്രത്യേകം ചുമതല നൽകിയാണ് ഫയലുകൾ തീർപ്പാക്കിയത്. അപേക്ഷ നൽകിയവർ ഓഫീസിൽ എത്തി ഫയൽ തീർപ്പാക്കലുമായി സഹകരിക്കാത്തതുമൂലമാണ് ഫയലുകൾ കുന്നുകൂടിയത്. അദാലത്ത് തുടരുമെന്ന് പുതിയ ജോയി​ന്റ് ആർടിഒ സി ഡി അരുൺ അറിയിച്ചു. പകൽ 11 മുതൽ ജോയി​ന്റ് ആർടി ഓഫീസിൽ അദാലത്തിനുള്ള അപേക്ഷകൾ സ്വീകരിക്കും. ഉപയോഗശൂന്യമായ വാഹനം 14 ദിവസത്തിനുള്ളിൽ മോട്ടോർ വാഹനവകുപ്പ് ഓഫീസിൽ നേരിട്ടോ ദൂതൻവഴിയോ ആർസി സറണ്ടർ ചെയ്ത് ഉടമയ്‌ക്ക് രജിസ്ട്രേഷൻ റദ്ദ് ചെയ്യാം. ആർസി സറണ്ടർ ചെയ്യാതെ പൊളിക്കാനോ മറ്റോ കൈമാറ്റം ചെയ്തുപോയ ഉടമകൾ നോട്ടറിയുടെ അഫിഡവിറ്റ് പ്രകാരം ആർസി റദ്ദാക്കാൻ അപേക്ഷിക്കണം. നിരത്തിലിറക്കി  ഉപയോഗിക്കാൻ കഴിയാതെ സൂക്ഷിക്കുന്ന വാഹനങ്ങൾക്ക് ഫോം ജിയിൽ നിശ്ചിത തുകയടച്ച് അപേക്ഷ നൽകിയാൽ നികുതിയിളവ് ലഭിക്കും. അഞ്ചുവർഷത്തിനുമുകളിൽ നികുതി കുടിശ്ശികയുള്ളവർക്ക് ഒറ്റത്തവണ തീർപ്പാക്കൽ പദ്ധതിയിൽ‌ ഭാവിയിലെ നികുതിബാധ്യത ഒഴിവാക്കാം. Read on deshabhimani.com

Related News