കൊച്ചിയോട് ഇഷ്‌ടംകൂടിയ നേതാവ്
കൊച്ചി സിപിഐ എം ജില്ലയിൽ സംഘടിപ്പിക്കുന്ന പ്രധാന പരിപാടികളിലേക്കുള്ള ക്ഷണം സന്തോഷത്തോടെ സ്വീകരിച്ചിരുന്ന സീതാറാം യെച്ചൂരി താൽപ്പര്യപൂർവമാണ് അതിലെല്ലാം പങ്കുകൊണ്ടിരുന്നത്. കൊച്ചിയോട് അദ്ദേഹം പ്രത്യേകമായൊരു ഇഷ്‌ടവും സൂക്ഷിച്ചു. കൊച്ചിയിൽ വരുമ്പോഴെല്ലാം ആലുവയിലോ എറണാകുളത്തോ ഗസ്‌റ്റ് ഹൗസിലാകും താമസമൊരുക്കുക. സമീപ ജില്ലകളിൽ എവിടെയെങ്കിലുമാണെങ്കിലും തിരക്കൊഴിഞ്ഞാൽ കൊച്ചിക്ക് വരാൻ താൽപ്പര്യം കാണിച്ചിരുന്നു. ഭക്ഷണകാര്യത്തിൽ പ്രത്യേക നിർബന്ധമൊന്നുമില്ല. മത്സ്യമുണ്ടെങ്കിൽ ആസ്വദിച്ച് കഴിക്കും. ഏതു ഭക്ഷണമായാലും രുചിച്ചുനോക്കാനും മടിയില്ല. കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പ് പ്രചാരണത്തിനാണ് അവസാനമായി ജില്ലയിൽ വന്നുപോയത്. ചാലക്കുടിയിലെ എൽഡിഎഫ് സ്ഥാനാർഥി സി രവീന്ദ്രനാഥിനായി പട്ടിമറ്റത്ത് സംഘടിപ്പിച്ച യോഗത്തിലാണ് അദ്ദേഹം പങ്കെടുത്തത്. വൻജനാവലിയാണ് അന്നവിടെ അദ്ദേഹത്തെ കേൾക്കാനെത്തിയത്. ഗഹനമായ രാഷ്‌ട്രീയ വിഷയങ്ങളും സാധാരണക്കാരനുപോലും ഹൃദ്യമായ ഭാഷയിൽ സരസമായി അവതരിപ്പിക്കുന്നതാണ് സീതാറാമിന്റെ ശൈലി എന്ന് യുവജന പ്രസ്ഥാനത്തിൽ പ്രവർത്തിക്കുന്ന കാലംമുതൽ യെച്ചൂരിയുമായി അടുത്തറിയുന്ന സിപിഐ എം ജില്ലാ സെക്രട്ടറി സി എൻ മോഹനൻ പറഞ്ഞു. താൻ ഡിവൈഎഫ്‌ഐയുടെ അഖിലേന്ത്യാ കേന്ദ്രത്തിൽ പ്രവർത്തിക്കുന്ന 1992 കാലത്ത് യെച്ചൂരിക്കായിരുന്നു വിദ്യാർഥി യുവജന പ്രസ്ഥാനങ്ങളുടെ ചുമതല. ഡൽഹിയിൽ വിതൽ ഭായ് പട്ടേൽ ഹൗസിന്റെ അഞ്ചാംനിലയിലായിരുന്നു യെച്ചൂരി താമസിച്ചിരുന്നത്. രാവിലെ ബാൽക്കണിയിൽ സിഗററ്റും വലിച്ച് പത്രം വായിച്ചിരിക്കുന്നത് പതിവ് കാഴ്‌ചയായിരുന്നുവെന്ന് സി എൻ മോഹനൻ ഓർക്കുന്നു. 2019 ൽ കൊച്ചിയിൽ വന്നപ്പോൾ പശ്ചിമകൊച്ചിയിലെ പൈതൃക സ്‌മാരകങ്ങളെല്ലാം സീതാറാം താൽപ്പര്യത്തോടെ സന്ദർശിച്ചിരുന്നു. 2018 ലും 2022 ലും പൊളിറ്റ്‌ബ്യൂറോ അംഗം എം എ ബേബിക്കൊപ്പം ബിനാലെ വേദിയിലെത്തിയ അദ്ദേഹം മണിക്കൂറുകളോളം അവിടെ ചെലവഴിച്ചിരുന്നു. Read on deshabhimani.com