15 മെട്രോ ഫീഡറുകൾ നിരത്തിലേക്ക്‌ ; ജലമെട്രോയിലേക്കും സർവീസ്‌



കൊച്ചി കൊച്ചി മെട്രോയുടെ 15 ഇലക്‌ട്രിക്‌ എസി ഫീഡർ ബസുകൾ നിരത്തിലേക്ക്‌. ബസുകൾക്ക് ഗതാഗതവകുപ്പിന്റെ രജിസ്‌ട്രേഷൻ ലഭിച്ചു. ജീവനക്കാർക്കുള്ള പരിശീലനം പുരോഗമിക്കുകയാണ്‌. സർവീസ്‌ നടത്തുന്ന റൂട്ടിനെക്കുറിച്ചും ധാരണയായിട്ടുണ്ട്‌. വൈകാതെ ബസുകൾ സർവീസ്‌ ആരംഭിക്കും. ജലമെട്രോ–-മെട്രോ സ്‌റ്റോപ്പുകൾ ബന്ധപ്പെടുത്തിയാകും റൂട്ട്‌. തൃപ്പൂണിത്തുറ, ഇൻഫോപാർക്ക്‌, കളമശേരി മെഡിക്കൽ കോളേജ്‌, കുസാറ്റ്‌ എന്നിവിടങ്ങളിലേക്ക്‌ ഉൾപ്പെടെ ബസ്‌ സർവീസ്‌ നടത്തും. ഗതാഗതത്തിരക്കുകൂടി പരിഗണിച്ചാകും റൂട്ടിൽ തീരുമാനമെടുക്കുക. ഇതിനുപുറമെ ആലുവ ടെർമിനൽ സ്റ്റേഷൻമുതൽ അന്താരാഷ്ട്ര വിമാനത്താവളംവരെയും സർവീസുണ്ടാകും. സർക്കാർ മാനദണ്ഡങ്ങൾക്ക്‌ അനുസൃതമായി ടിക്കറ്റ്‌ നിരക്കുകളും ഉടൻ തീരുമാനിക്കും. ബസുകൾ ചാർജ്‌ ചെയ്യാൻ ഏഴു പുതിയ ചാർജിങ്‌ പോയിന്റുകളും സജ്ജമാക്കുന്നുണ്ട്‌. മുട്ടം ഡിപ്പോയിൽ അഞ്ച്‌, ആലുവ, കലൂർ, വൈറ്റില എന്നിവിടങ്ങളിൽ ഒന്നുവീതം ചാർജിങ്‌ പോയിന്റുകളാണ്‌ ഒരുക്കുന്നത്‌. ഒറ്റച്ചാർജിൽ 160 കിലോമീറ്റർ സഞ്ചരിക്കാൻ കഴിയുമെന്നാണ്‌ പ്രതീക്ഷ. 90 ലക്ഷം രൂപയാണ്‌ വില. ബസുകൾക്ക്‌ രണ്ടുവർഷത്തെ വാറന്റിയും ബാറ്ററികൾക്ക് അഞ്ചുവർഷത്തെ വാറന്റിയുമുണ്ട്‌. ഒമ്പതു മീറ്ററാണ്‌ നീളം. നിലവിൽ രാവിലെ 6.30 മുതൽ ആലുവ മെട്രോ സ്റ്റേഷൻ–-കൊച്ചി വിമാനത്താവളം റൂട്ടിലും തിരിച്ചും മെട്രോ ഫീഡ‍ർ ബസുകൾ സർവീസ് നടത്തുന്നുണ്ട്. കൂടാതെ കളമശേരി മെട്രോ സ്റ്റേഷനിൽനിന്ന് മെഡിക്കൽ കോളേജിലേക്കും കാക്കനാട് ഇൻഫോപാർക്കിലേക്കും ഫീഡർ സർവീസുണ്ട്. Read on deshabhimani.com

Related News