ഞെട്ടൽ വിട്ടുമാറാതെ കാർത്തിക്കും വിസ്മയയും

കിണറ്റിിൽവീണ കാറിൽനിന്ന്‌ രക്ഷപ്പെട്ട കാർത്തിക്കും വിസ്മയയും 
കാർത്തിക്കിന്റെ അച്ഛനും അമ്മയ്ക്കുമൊപ്പം


ആലുവ വലിയ അപകടത്തിൽനിന്ന്‌ രക്ഷപ്പെട്ടെന്ന്‌ കാർത്തിക്കിനും ഭാര്യ വിസ്മയക്കും ഇനിയും വിശ്വസിക്കാനായിട്ടില്ല. എല്ലാം സ്വപ്നംപോലെയാണ് ഓർത്തെടുക്കുന്നത്. 15 അടിയിലേറെ താഴ്ചയും അഞ്ചടിയിലേറെ വെള്ളവുമുള്ള കിണറ്റിൽനിന്ന്‌ കയറിൽ കെട്ടിയ ഏണിയിലൂടെ മുകളിലേക്ക് കയറുമ്പോഴും കാർത്തിക്കിന് തങ്ങൾ രക്ഷപ്പെടുകയാണെന്ന് ഉറപ്പില്ലായിരുന്നു. വെള്ളി രാത്രി 9.30നാണ് ഇവരുടെ കാർ കോലഞ്ചേരിക്കുസമീപം പാങ്കോട് ചാക്കപ്പൻ കവലയ്ക്കടുത്തുള്ള പഞ്ചായത്ത് കിണറ്റിൽ വീണത്. രണ്ടുദിവസം കഴിഞ്ഞിട്ടും ഇവർ ഞെട്ടലിൽനിന്ന്‌ മുക്തരായിട്ടില്ല. വിസ്മയയുടെ കൊട്ടാരക്കരയിലെ വീട്ടിൽനിന്ന് ആലുവ കോമ്പാറയിലുള്ള കാർത്തിക്കിന്റെ വീട്ടിലേക്കുള്ള യാത്രയ്ക്കിടെയാണ് അപകടം. കോലഞ്ചേരി കഴിഞ്ഞ് പാങ്കോട് എത്തിയപ്പോൾ റോഡിനു കുറുകെ വെള്ളം കെട്ടിയ ചപ്പാത്തിലേക്ക് ഇറങ്ങിയ കാർ മുകളിലേക്ക് ഉയർന്നുപൊങ്ങുന്നതിനിടെ ബ്രേക്ക് പിടിച്ചെങ്കിലും കിട്ടിയില്ല. ഇതിനിടെ, ഒരു ബൈക്ക് എതിരെവന്നു. കാർ വെട്ടിച്ചതോടെ ഒരു മതിലിൽ ഇടിച്ചു. പിന്നാലെ കുത്തനെ ഒരു ഇറക്കം ഇറങ്ങി. കുറച്ചുദൂരം പോയപ്പോൾ വണ്ടി കുടുങ്ങി. കാറിലെ ചെറിയ വെളിച്ചത്തിൽ കിണറിന്റെ അരഞ്ഞാണം കണ്ടപ്പോഴാണ് വീണത് കിണറ്റിലാണെന്ന് മനസ്സിലായത്. വിടവിലൂടെ വെള്ളം കയറിയപ്പോഴാണ് അപകടത്തിന്റെ ആഴം മനസ്സിലായത്. ദുരന്തം മനസ്സിൽക്കണ്ട് നിസ്സഹായരായി നിന്നെങ്കിലും പതിയെ എങ്ങനെ രക്ഷപ്പെടാമെന്ന ചിന്തയിലായി. മുങ്ങുന്നതിനുമുമ്പേ കാറിന്റെ മുൻ വാതിൽ തുറന്നുരക്ഷപ്പെടാൻ ശ്രമിച്ചെങ്കിലും കിണറിന്റെ വശങ്ങളിൽ കുടുങ്ങിയതിനാൽ തുറക്കാനായില്ല. 10 മിനിറ്റോളം കാറിനകത്ത് കുടുങ്ങി. മുട്ടോളം വെള്ളം നിറഞ്ഞതോടെ പിന്നിലേക്ക് ഇറങ്ങി പിൻവാതിലുകൾ തുറന്നു. ഇതിനിടെ, അപകടം അറിഞ്ഞെത്തിയ നാട്ടുകാർ കിണറിനുമുകളിൽ ടോർച്ച് തെളിച്ച് സഹായവുമായെത്തി. ഒരു കാൽ കാറിലും മറ്റേത്‌ കിണറിന്റെ അരഞ്ഞാണത്തിലും ചവിട്ടി കാറിനുമുകളിൽ കാർത്തിക് എഴുന്നേറ്റുനിന്നു. പതിയെ വിസ്മയയെയും പുറത്തെടുത്തു. ഇരുവരും കാറിനുമുകളിൽനിന്നതോടെ കാർ പതിയെ കിണറ്റിലേക്ക് വീണ്ടും ഇറങ്ങി. വായുസഞ്ചാരം കുറഞ്ഞതോടെ വിസ്മയക്ക് ശ്വാസതടസ്സം അനുഭവപ്പെട്ടു. നാട്ടുകാർ കയറിൽ കെട്ടിയിറക്കിയ ഏണിയിലൂടെ ആദ്യം വിസ്മയയും പിന്നീട് കാർത്തിക്കും വെളിയിലെത്തി. നാട്ടുകാരുടെ അവസരോചിത ഇടപെടലാണ് രക്ഷയായതെന്ന് കാർത്തിക്കും വിസ്മയയും പറഞ്ഞു. കാർത്തിക് തിരുവനന്തപുരം മെഡിക്കൽ കോളേജിൽ പിഎംആർ വിഭാഗം ആർട്ടിഫിഷ്യൽ ലിംപിലെ ജീവനക്കാരനാണ്. വിസ്മയ മണ്ണുത്തി കാർഷിക സർവകലാശാലയിലെ പിജി വിദ്യാർഥിയാണ്. ആഗസ്ത് 28നായിരുന്നു വിവാഹം. ആൻസ് ബയോ മെഡ് ഉടമയായ അനിൽകുമാർ–വിനി ദമ്പതികളുടെ ഏകമകനാണ് കാർത്തിക്. സ്റ്റേറ്റ് സ്പെഷ്യൽ ബ്രാഞ്ചിൽനിന്ന്‌ എസ്ഐയായി വിരമിച്ച സി ആർ സുരേഷ് കുമാറിന്റെയും കൊട്ടാരക്കര മജിസ്ട്രേട്ട്‌ കോടതി ജീവനക്കാരി കെ ആശയുടെയും ഏകമകളാണ് വിസ്മയ.   Read on deshabhimani.com

Related News