എച്ച്എംടി കവല ഗതാഗതപരിഷ്കാരം ; കുസാറ്റ് കവലയിൽ ഇനി സിഗ്നലില്ല, യൂ ടേൺ മാത്രം



എച്ച്എംടി കവലയിലെ ഗതാഗത പരിഷ്കാരത്തോടനുബന്ധിച്ച് കുസാറ്റ് കവലയിലെ ട്രാഫിക് സിഗ്നൽ നിർത്തലാക്കി. തടസ്സമില്ലാത്ത യാത്ര ഉറപ്പാക്കാൻ ജിഞ്ചർ ഹോട്ടലിനും ബിസ്മി ഹൈപ്പർ മാർക്കറ്റിനും മുൻവശത്ത് ഓരോ യു ടേണുകൾ തുറന്നു. വ്യവസായമന്ത്രി പി രാജീവ് ഉദ്യോഗസ്ഥരുടെയും ജനപ്രതിനിധികളുടെയും സാന്നിധ്യത്തിൽ ശനിയാഴ്ചയാണ് യൂടേണുകൾ തുറന്നത്. ഇതോടെ ആലുവ പുളിഞ്ചോട്‌ കഴിഞ്ഞാൽ ഇടപ്പള്ളിവരെ സിഗ്‌നലുകൾ ഇല്ലാതായി. മന്ത്രി മുൻകൈയെടുത്ത് നടപ്പാക്കിയ ഗതാഗതപരിഷ്കാരം വിജയമായതോടെ ആലുവ, എച്ച്എംടി ഭാഗങ്ങളിൽനിന്ന് കുസാറ്റ് കവലയിലേക്ക് ഒഴുകിയെത്തുന്ന വാഹനങ്ങൾ കാരണം കുസാറ്റ്, സൗത്ത് കളമശേരി റോഡുകളിൽ ഗതാഗതക്കുരുക്കിന് കാരണമായിരുന്നു. ഈ സാഹചര്യത്തിലാണ് മന്ത്രിയുടെ നിർദേശമനുസരിച്ച്  മെട്രോ പില്ലറുകൾക്കിടയിൽ പുതിയ യൂടേൺ തുറന്നത്. സൗത്ത് കളമശേരിയിൽനിന്ന് എറണാകുളം, കുസാറ്റ് ഭാഗങ്ങളിലേക്ക് പോകാൻ കുസാറ്റ് സിഗ്നൽ കവലയിലെത്തുന്ന വാഹനങ്ങൾക്ക് ബിസ്മി ഹൈപ്പർ മാർക്കറ്റിനുസമീപം മെട്രൊ പില്ലർ നമ്പർ 293 നും 294നും ഇടയിലായാണ് യൂടേൺ സൗകര്യമൊരുക്കിയത്. കുസാറ്റ് റോഡിൽനിന്ന് ആലുവ, സൗത്ത് കളമശേരി ഭാഗങ്ങളിലേക്ക് പോകുന്ന വാഹനങ്ങൾക്ക് ജിഞ്ചർ ഹോട്ടലിനുസമീപം മെട്രൊ പില്ലർ നമ്പർ 311 നും 312നും ഇടയിലും യൂടേൺ സൗകര്യമൊരുക്കി. യൂടേൺ ഉദ്ഘാടനച്ചടങ്ങിൽ എൻഫോഴ്‌സ്‌മെന്റ്‌ ആർടിഒ കെ മനോജ്, രാഷ്ട്രീയ പാർടി പ്രതിനിധികളായ ജമാൽ മണക്കാടൻ, എ എം യൂസഫ്, കൗൺസിലർമാരായ റഫീക് മരക്കാർ, അൻവർ കുടിലിൽ, ട്രാഫിക് അസിസ്റ്റന്റ്‌ കമീഷണർ എ എ അഷ്റഫ്, മോട്ടോർ വാഹനവകുപ്പ്‌ ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു. Read on deshabhimani.com

Related News