രാസവളം കിട്ടാനില്ല; 
കർഷകർ ദുരിതത്തിൽ



കൊച്ചി രാസവളക്ഷാമം രൂക്ഷമായതോടെ എറണാകുളം ജില്ലയിലെ നെൽക്കർഷകർ ഉൾപ്പെടെയുള്ള കർഷകരും വിതരണക്കാരും ദുരിതത്തിൽ. രണ്ടാംവിള നെൽക്കൃഷിക്കും പൈനാപ്പിൾക്കൃഷി ഉൾപ്പെടെയുള്ളവയ്‌ക്കും രാസവളം യഥാസമയം ലഭിക്കാത്തതിനാൽ വളപ്രയോഗം നടത്താനാകാതെ വലയുകയാണ്‌ കർഷകർ. യൂറിയ, പൊട്ടാഷ്‌, ഫാക്‌ടംഫോസ്‌, ഡിഎപി രാസവളങ്ങൾ കേന്ദ്രസർക്കാർ വിതരണക്കാർക്ക്‌ എത്തിക്കാത്തതാണ്‌ കർഷകരെ വലയ്‌ക്കുന്നത്‌. ഇതിനിടെ, ഫാക്ടംഫോസിന്റെ വില കേന്ദ്രസർക്കാർ കൂട്ടി. 50 കിലോ ബാഗിന്‌ 1225 രൂപയായിരുന്നു. 1300 രൂപയായാണ്‌ ഉയർത്തിയത്‌. 45 കിലോ യൂറിയക്ക്‌ 266.50 രൂപയും പൊട്ടാഷിന്‌ 1550 രൂപയുമാണ്‌. മാസങ്ങൾക്കുമുമ്പ്‌ വൻതുക നൽകി ബുക്ക്‌ ചെയ്‌തിട്ടും വളങ്ങൾ ലഭിക്കുന്നില്ല. ഒന്നരമാസമായി കടുത്ത ക്ഷാമമാണ്‌. ഇത്‌ കാർഷികവിളവെടുപ്പ്‌ കുത്തനെ ഇടിയാൻ ഇടയാക്കും. ഒരു കാർഷിക കാലയളവിൽ കേരളത്തിന്‌ 64 മില്യൺ ടൺ രാസവളമാണ്‌ വേണ്ടത്‌. അതിന്റെ പകുതിപോലും വിതരണം ചെയ്യുന്നില്ല. ഉത്തരേന്ത്യൻ ലോബിയെ പ്രീതിപ്പെടുത്തുന്ന കേന്ദ്രനയത്തിന്റെ ഭാഗമായാണ്‌ കേരളത്തിന്‌ ആവശ്യമായ വളം ലഭിക്കാതായതെന്ന്‌ വിതരണക്കാർ പറഞ്ഞു. കേന്ദ്ര രാസവസ്‌തു, രാസവളം മന്ത്രാലയത്തിൽനിന്ന്‌ സംസ്ഥാനത്തേക്കുള്ള വാർഷികവളം അലോട്ട്‌മെന്റ്‌ കുറഞ്ഞതും വിദേശത്തുനിന്ന്‌ ഇറക്കുമതി ചെയ്യാത്തതുമാണ്‌ ക്ഷാമം രൂക്ഷമാക്കിയത്‌. പൊതുമേഖലാ വളംനിർമാണശാലയായ എഫ്‌എസിടിയുടെ പ്ലാന്റ്‌ ഉണ്ടായിട്ടുപോലും എറണാകുളം ജില്ലയിൽ ആവശ്യമായ വളം  ലഭിക്കുന്നില്ലെന്ന്‌ കർഷകർ പറയുന്നു. ഫാക്ടംഫോസ്‌, യൂറിയ, പൊട്ടാഷ്‌ എന്നിവയ്‌ക്കാണ്‌ ക്ഷാമമേറെ. കോംപ്ലക്സ്‌ വളങ്ങളും കിട്ടാനില്ല. ക്ഷാമത്തിന്റെ മറവിൽ മറ്റുവളങ്ങൾ അടിച്ചേൽപ്പിക്കാനും ശ്രമമുണ്ടെന്ന്‌  വിതരണക്കാർ പറഞ്ഞു. അതിനിടെ, ഒക്‌ടോബർ–-നവംബറിൽ കേന്ദ്രസഹമന്ത്രി സുരേഷ്‌ ഗോപി ഉദ്യോഗസ്ഥരുടെ യോഗം വിളിച്ച്‌ തൃശൂരിലെ കർഷകർക്കുമാത്രമായി വളം എത്തിച്ചതും മറ്റിടങ്ങളിൽ ക്ഷാമത്തിന്‌ ഇടയാക്കിയെന്ന്‌ കർഷകർ പറയുന്നു. നിലവിൽ തൃശൂരും  കടുത്തക്ഷാമമുണ്ട്‌. Read on deshabhimani.com

Related News