കറുകുറ്റി പഞ്ചായത്തിന് ക്വാറി ഉടമകളുമായി അവിശുദ്ധസഖ്യം ; എൽഡിഎഫ് പഞ്ചായത്ത് കമ്മിറ്റി ബഹിഷ്കരിച്ചു
അങ്കമാലി കറുകുറ്റി പഞ്ചായത്തിലെ കോൺഗ്രസ് ഭരണസമിതി കരിങ്കൽ ക്വാറി ഉടമകളുമായി അവിശുദ്ധ കൂട്ടുകെട്ടിലാണെന്ന് ആരോപിച്ച് എൽഡിഎഫ് അംഗങ്ങൾ പഞ്ചായത്ത് കമ്മിറ്റി ബഹിഷ്കരിച്ചു. പാലിശേരി കോട്ടത്തെണ്ട് കുന്നിൽ കരിങ്കൽ ക്വാറിക്ക് പഞ്ചായത്ത് ഭരണസമിതി അനുമതി നൽകിയിരുന്നു. ഇതിന് മൈനിങ് ആൻഡ് ജിയോളജി അടക്കമുള്ള മുഴുവൻ ലൈസൻസുകളും ലഭിച്ചുവെന്ന് പഞ്ചായത്ത് കമ്മിറ്റിയെ തെറ്റിദ്ധരിപ്പിച്ചാണ് ലൈസൻസ് നൽകിയത്. ഇതിൽ പ്രതിഷേധിച്ച് എൽഡിഎഫ് അംഗങ്ങൾ ലൈസൻസ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് നിവേദനം നൽകി. പഞ്ചായത്ത് കമ്മിറ്റി തീരുമാനം റദ്ദാക്കണമെങ്കിൽ അടിയന്തര കമ്മിറ്റി വിളിക്കണമായിരുന്നു. ഇതിനായി അടിയന്തര കമ്മിറ്റി വിളിച്ചുചേർക്കാൻ കഴിഞ്ഞ അഞ്ചിന് എൽഡിഎഫ് അംഗങ്ങൾ കത്ത് നൽകിയതാണ്. എന്നാൽ, ക്വാറി ഉടമകളുമായി അവിശുദ്ധ ബന്ധമുള്ള കോൺഗ്രസ് ഭരണസമിതി സാധാരണ കമ്മിറ്റി വിളിക്കുകയായിരുന്നു. ഇത് ക്വാറി ഉടമകൾക്ക് കൂടുതൽ സമയം നൽകുന്നതിനുവേണ്ടിയാണെന്നും അടിയന്തര കമ്മിറ്റി ചേർന്ന് ലൈസൻസ് റദ്ദാക്കണമെന്നും ആവശ്യപ്പെട്ടാണ് എൽഡിഎഫ് അംഗങ്ങൾ കമ്മിറ്റി ബഹിഷ്കരിച്ചത്. തുടർന്ന് ചേർന്ന പ്രതിഷേധയോഗത്തിൽ പ്രതിപക്ഷനേതാവ് ജോണി മൈപ്പാൻ, ആൽബി വർഗീസ്, രനിത ഷാബു, ടോണി പറപ്പിള്ളി എന്നിവർ സംസാരിച്ചു. Read on deshabhimani.com