കൃഷിയില്‍ മാതൃകയായി കുറുമ്പനും തങ്കയും
കവളങ്ങാട് അന്യംനിന്നുപോകുന്ന കൃഷിയിറക്കി നൂറുമേനി വിളവുമായി പോത്താനിക്കാട് വടക്കേക്കരപ്പറമ്പിൽ വി ഒ കുറുമ്പനും തങ്കയും. സ്വന്തമായുള്ള ഒരേക്കർ സ്ഥലം മുഴുവനും കൃഷിയാണ്. ഇതോടൊപ്പം ആറേക്കർ സ്ഥലം പാട്ടത്തിനെടുത്തും ഇവർ കൃഷി ചെയ്യുന്നു. കൂർക്ക, ചേമ്പ്, ചേന, കാച്ചിൽ, ചെറുകിഴങ്ങ്, മഞ്ഞൾ, ഇഞ്ചി, നെൽക്കൃഷി, കരിമഞ്ഞൾ, ചോളം, മുളക്, വെണ്ട, പയർ, തക്കാളി, കാബേജ്, വഴുതന, മത്തൻ, കുമ്പളം, വെള്ളരി തുടങ്ങിയ പച്ചക്കറിക്കൃഷികളും ഇവർക്ക് സ്വന്തം. പഴവർഗക്കൃഷിയുമുണ്ട്. ജാതി, കമുക്, വിവിധയിനം വാഴകളായ ഏത്ത, പാളയങ്കോടൻ, പൂവൻ, ഞാലിപ്പൂവൻ, ചുണ്ടില്ലാക്കണ്ണൻ, കദളി, റോബസ്റ്റ, ചോരക്കദളി എന്നിവയെല്ലാം ഇവരുടെ തോട്ടത്തിൽ വിളഞ്ഞുനിൽക്കുന്നു. കർഷകകുടുംബത്തിൽ ജനിച്ച ഇവർ ചെറുപ്പംമുതലേ കൃഷിക്കാരാണ്. ഒരിഞ്ച് സ്ഥലംപോലും പാഴാക്കാതെയുള്ള ഇവരുടെ കൃഷി അത്ഭുതപ്പെടുത്തും. കൃഷി വിപുലപ്പെടുന്നതിനനുസരിച്ച് ഉൽപ്പന്നങ്ങൾക്ക് ആവശ്യക്കാരേറെയാണ്. വീട്ടാവശ്യത്തിനുള്ള പച്ചക്കറിയോ പഴവർഗങ്ങളോ ഒന്നും പുറത്തുനിന്ന് വാങ്ങാറില്ലെന്ന് ഈ ദമ്പതികൾ പറയുന്നു. കുറുമ്പന് മൂന്നുതവണയും തങ്കയ്‌ക്ക് രണ്ടുതവണയും പോത്താനിക്കാട് കൃഷിഭവന്റെ മികച്ച കർഷക അവാർഡും ലഭിച്ചിട്ടുണ്ട്. Read on deshabhimani.com