നിയമനിർമാണം കണ്ടറിഞ്ഞ്‌ വിദ്യാർഥികൾ



കൊച്ചി എറണാകുളം ഗവ. ഗേൾസ് ഹയർ സെക്കൻഡറി സ്കൂൾ, എളമക്കര ഗവ. ഹയർ സെക്കൻഡറി സ്കൂൾ, തേവര എസ്എച്ച് ഹയർ സെക്കൻഡറി സ്കൂൾ എന്നിവിടങ്ങളിലെ ഹയർ സെക്കൻഡറി പൊളിറ്റിക്കൽ സയൻസ് വകുപ്പുകൾ ചേർന്ന് തിരുവനന്തപുരത്തേക്ക് രാഷ്ട്രീയവിജ്ഞാനയാത്ര നടത്തി. പ്രവർത്തനാധിഷ്ഠിത പഠനരീതിയുടെ ഭാഗമായി നിയമസഭയിലും സെക്രട്ടറിയറ്റിലും കുട്ടികൾ നേരിട്ടെത്തി പ്രവർത്തനങ്ങൾ പഠിച്ചു. നിയമസഭയിൽ ചോദ്യോത്തരവേളയും അടിയന്തരപ്രമേയാവതരണവും സബ്മിഷനുകളുടെ അവതരണവും നേരിൽ കണ്ടു. സ്പീക്കർ എ എൻ ഷംസീർ കുട്ടികളെ ചേംബറിൽ സ്വീകരിച്ചു. സഭാ നടപടിക്രമങ്ങളെക്കുറിച്ചും നിയമനിർമാണങ്ങളെക്കുറിച്ചുമുള്ള ചോദ്യങ്ങൾക്ക് സ്പീക്കർ ഉത്തരം നൽകി. വ്യവസായമന്ത്രി പി രാജീവ് കേരളത്തിന്റെ വ്യവസായനയത്തെക്കുറിച്ച് വിശദീകരിച്ചു. പ്രതിപക്ഷനേതാവ് വി ഡി സതീശൻ നിയമസഭാ ഓഫീസിൽ കുട്ടികളെ സ്വീകരിച്ചു. എംഎൽഎമാരുമായി കുട്ടികൾ സംസാരിച്ചു. നിയമസഭാ മ്യൂസിയവും കണ്ടിറങ്ങിയ കുട്ടികൾ സെക്രട്ടറിയറ്റിലെത്തി പ്രവർത്തനങ്ങൾ കാണുകയും നിയമസഭയുടെ മുൻമന്ദിരവും രാജസഭയായിരുന്ന ദർബാർ ഹാളും സന്ദർശിച്ചു. പ്രിയദർശിനി പ്ലാനറ്റേറിയവും ചരിത്രമ്യൂസിയവുംകൂടി കണ്ടശേഷമായിരുന്നു മടക്കം. പരിപാടിക്ക്‌ പ്രിൻസിപ്പൽമാരായ കെ മിനി റാം, ആർ പ്രശാന്തകുമാർ, ഹയർ സെക്കൻഡറി അധ്യാപകരായ ഡോ. എസ് സന്തോഷ്, എ എ ഷഹീർ, ഫാ. വിൽസൺ ചാത്തേരി, ഡോ. ബാബു എടംപാടം, ഫാ. ഷിബിൻ, പി എസ് ശ്രീജ, മഞ്ജു മൈക്കിൾ, സെയ്ൻ എൽദോ തുടങ്ങിയവർ നേതൃത്വം നൽകി. Read on deshabhimani.com

Related News