ശതാബ്ദി നിറവിൽ വാരപ്പെട്ടി സഹകരണ ബാങ്കിന് പുരസ്‌കാരം
കവളങ്ങാട് ശതാബ്ദി ആഘോഷനിറവിൽ വാരപ്പെട്ടി സഹകരണ ബാങ്കിന് പുരസ്‌കാരത്തിളക്കം. കഴിഞ്ഞസാമ്പത്തിക വർഷത്തെ ജില്ലയിലെ മികച്ച സഹകരണ ബാങ്കായി വാരപ്പെട്ടിയെ തെരഞ്ഞെടുത്തു. അഖിലേന്ത്യ സഹകരണ വാരാഘോഷത്തിലെ ചടങ്ങിൽ പുരസ്‌കാരം സമ്മാനിച്ചു. വിവിധതരം വായ്‌പകൾക്കും ദൈനംദിന പ്രവർത്തനത്തിനും പുറമെ സഹായ പദ്ധതികൾ, കർക്കടക കിറ്റ് വിതരണം, നിർധന സഹകാരികൾക്ക് പ്രത്യേക പ്രതിമാസ ചികിത്സാധനസഹായം, മരണാനന്തര ധനസഹായം, ക്ഷീരകർഷകർക്ക് ഗുണമേൻമയുള്ള കാലിത്തീറ്റ ലഭ്യമാക്കുന്ന പദ്ധതി, ഗുണമേൻമയുള്ള തൈകൾ ലഭ്യമാക്കുന്നതിന് കാർഷിക നഴ്സറി, പച്ചക്കറി തൈ, വാഴക്കണ്ണ്, മുട്ടക്കോഴി വിതരണം, ചൊവ്വ, വെള്ളി ദിവസങ്ങളിൽ കാർഷിക വിപണി, മെഡിക്കൽ ലാബ്, തേങ്ങ, കപ്പ, ചക്ക, പൈനാപ്പിൾ, ഏത്തപ്പഴം എന്നിവയിൽനിന്ന് മൂല്യവർധിത ഉൽപ്പന്നങ്ങൾ നിർമിച്ച് വിദേശത്തേക്ക് കയറ്റുമതി ചെയ്യുന്ന യൂണിറ്റ് തുടങ്ങി വൈവിധ്യമാർന്ന പരിപാടികളാണ് ബാങ്ക് ഏറ്റെടുത്ത് നടപ്പാക്കുന്നത്. കഴിഞ്ഞസാമ്പത്തിക വർഷം 1.41 കോടി രൂപ ലാഭമുണ്ടാക്കിയ ബാങ്കിന് എൻസിഡിസി, സഹകരണ വകുപ്പ്, കേരള ബാങ്ക് തുടങ്ങിയ സ്ഥാപനങ്ങളിൽനിന്ന് സർട്ടിഫിക്കറ്റുകളും അവാർഡുകളും ലഭിച്ചിട്ടുണ്ട്. ബാങ്ക് പ്രസിഡന്റ് എ എസ് ബാലകൃഷ്‌ണൻ, സെക്രട്ടറി ടി ആർ സുനിൽ, കമ്മിറ്റി അംഗങ്ങളായ ടി എൻ അശോകൻ, ഇ എം അജാസ്, ജീവനക്കാർ എന്നിവർ ചേർന്ന് കേരള ബാങ്ക് പ്രസിഡന്റ് ഗോപി കോട്ടമുറിക്കലിൽനിന്ന് പുരസ്‌കാരം ഏറ്റുവാങ്ങി. Read on deshabhimani.com