തൊഴിലിടങ്ങളിലെ പീഡനം ; ആഭ്യന്തര സമിതികൾ കാര്യക്ഷമമല്ല : വനിതാ കമീഷൻ
കൊച്ചി അൺ എയ്ഡഡ്, എയ്ഡഡ് വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ തൊഴിൽ പീഡനം സംബന്ധിച്ച് പരാതികളിൽ ആഭ്യന്തര പരാതി പരിഹാര സമിതികൾ കാര്യക്ഷമമായി പ്രവർത്തിക്കുന്നില്ലെന്ന് വനിതാ കമീഷൻ വിലയിരുത്തി. സിസിടിവി കാമറകളിലൂടെ അധ്യാപകരുടെ ചെറിയ ചലനങ്ങൾപോലും നിരീക്ഷിച്ച് അവരുടെ ആത്മവിശ്വാസം തകർക്കുന്ന രീതിയിൽ ചില വിദ്യാഭ്യാസ സ്ഥാപനങ്ങൾ പ്രവർത്തിക്കുന്നുണ്ടെന്നും കമീഷൻ കണ്ടെത്തിയതായി അധ്യക്ഷ പി സതീദേവി പറഞ്ഞു. വിവാഹേതര ബന്ധങ്ങൾ വർധിക്കുന്നതോടൊപ്പം കുടുംബബന്ധങ്ങൾ ശിഥിലമാകുന്ന പ്രവണത കൂടുന്നതായും കമീഷൻ വിലയിരുത്തി. ഇത് കുട്ടികളെ ബാധിക്കുന്നു. ലിവിങ് ടുഗെതർ ബന്ധം വർധിക്കുന്നതിനൊപ്പം കുട്ടികൾക്ക് സംരക്ഷണം നൽകുന്നതു സംബന്ധിച്ചുള്ള തർക്കങ്ങളും കൂടുന്നുണ്ട്. പ്രായമായ മാതാപിതാക്കളുടെ സ്വത്തുക്കൾ കൈക്കലാക്കിയശേഷം അവരെ ഇറക്കിവിടുന്ന അനവധി പരാതികളാണ് ലഭിക്കുന്നതെന്ന് കമീഷൻ വ്യക്തമാക്കി. ദാമ്പത്യപ്രശ്‌നങ്ങൾ ഉള്ളവർക്കായി തിരുവനന്തപുരം കമീഷൻ ഓഫീസിലും എറണാകുളം മേഖല ഓഫീസിലും കൗൺസലിങ്ങിന് സംവിധാനമുണ്ട്. മെഗാ അദാലത്തിൽ 117 പരാതി പരിഗണിച്ചു. 15 എണ്ണം തീർപ്പാക്കി. അഞ്ചു കേസുകൾ പൊലീസ് അന്വേഷണത്തിന് വിട്ടു. മൂന്നു പരാതികളിൽ തുടർ കൗൺസലിങ് നൽകും. കമീഷൻ അംഗങ്ങളായ അഡ്വ. ഇന്ദിര രവീന്ദ്രൻ, വി ആർ മഹിളാമണി, അഭിഭാഷകരായ സ്മിത ഗോപി, വി എ അമ്പിളി, കെ ബി രാജേഷ്, കൗൺസലർ ബി പ്രമോദ് എന്നിവരും അദാലത്തിൽ പങ്കെടുത്തു. Read on deshabhimani.com