ആതിരയുടെ വീടുയരുന്നു, കരുതൽ കരങ്ങളിൽ
കാലടി ലൈഫ് ഭവനപദ്ധതിയിൽ ഇടംപിടിച്ചിട്ടും വീടുനിർമാണം തുടങ്ങാനാകാതെ പ്രതിസന്ധിയിലായ ആതിരയ്‌ക്ക് പിരാരൂർ ഫ്രണ്ട്സ് ക്ലബ് വീട് നിർമിച്ചുനൽകും. ക്ലബ്ബിന്റെ 50–-ാം വാർഷികാഘോഷങ്ങളുടെ ഭാഗമായാണിത്. കാലടി പഞ്ചായത്തിലെ 15–-ാംവാർഡ് പിരാരൂരിലെ കണക്കൻകുടിവീട്ടിൽ പരേതരായ അയ്യപ്പൻ–-കാളി ദമ്പതികളുടെ മകൾ ആതിര (32) ഇടിഞ്ഞുവീഴാറായ വീട്ടിൽ ഒറ്റയ്ക്കാണ് താമസിക്കുന്നത്. എസ്‌സി വിഭാഗക്കാരിയായ ഇവർ കാലടി പഞ്ചായത്തിലെ ആശ്രയ ഗുണഭോക്താവാണ്. ലൈഫ് പദ്ധതിയിൽ വീടിന് തുക അനുവദിച്ചിട്ട് ആറുമാസമായി. സാമ്പത്തിക ബുദ്ധിമുട്ടുമൂലം നിർമാണം തുടങ്ങാനായില്ല. 450 ചതുരശ്രയടി വിസ്തീർണമുള്ള വീടാണ് നിർമിക്കുന്നത്. അതിന് പത്തുലക്ഷം രൂപ ചെലവ് വരും. നാലുലക്ഷം രൂപ നാലുഘട്ടമായി സർക്കാർ നൽകും. ബാക്കി ആറുലക്ഷം പൊതുജനപങ്കാളിത്തത്തോടെ ക്ലബ് സമാഹരിച്ചുനൽകും. ടി ആർ വല്ലഭൻ നമ്പൂതിരിപ്പാട്, ജി മോഹൻനായർ എന്നിവർ ചേർന്ന് വീടിന്റെ കട്ടിള വച്ചു. കാലടി സായിശങ്കര കേന്ദ്രവും മറ്റൂർ വ്യാപാരി വ്യവസായി സമിതിയും ചേർന്ന് തറനിർമാണത്തിന് കരിങ്കല്ല് നൽകി. മലയാറ്റൂർ ടോളിൻസ് വേൾഡ് സ്കൂളിലെ കുട്ടികൾ ചാരിറ്റി ഫണ്ടിൽനിന്ന് ഒരുലക്ഷം രൂപ നൽകി. കാലടി മർച്ചന്റ്‌സ് അസോസിയേഷൻ 50 ചാക്ക് സിമന്റ് വാഗ്ദാനം ചെയ്തു. മറ്റൂർ തൊട്ടേക്കാട് സലിയുടെ നേതൃത്വത്തിൽ സിപിഐ എം പ്രവർത്തകരാണ് സൗജന്യമായി തറ നിർമിച്ചത്. ആതിരയ്‌ക്ക് സഹായമഭ്യർഥിച്ച് വാർഡ് അംഗം അംബിക ബാലകൃഷ്‌ണനെ സമീപിച്ചെങ്കിലും പരിഹാരമായില്ല. തുടർന്നാണ് ഫ്രണ്ടസ് ക്ലബ് നിർമാണം ഏറ്റെടുത്തത്. ചടങ്ങിൽ സിജോ ചൊവ്വരാൻ, സൗമ്യ രതീഷ്, പി ആർ ഗോപി, കെ കെ സഹദേവൻ, എം ബി സാനു, എം എ അലിയാർ, മല്ലിക പൊന്നപ്പൻ എന്നിവരും പങ്കെടുത്തു. Read on deshabhimani.com