ഏലൂരിൽ വിടർന്നു സ്നേഹാരാമങ്ങൾ



കളമശേരി ഏലൂരിൽ പാതയോരങ്ങളും കവലകളും മാലിന്യംനിറഞ്ഞിരുന്ന ഇടങ്ങളുമെല്ലാം ഇപ്പോൾ പൂവിടുകയാണ്‌. ഏലൂർ നഗരസഭ രചിച്ചിരിക്കുകയാണ്‌ കരുതലിന്റെ, വൃത്തിയുടെ പുതുമാതൃക. ക്ലീൻ ഏലൂർ എന്ന പേരിൽ മുൻ നഗരസഭ ഭരണസമിതി തുടക്കമിട്ട ശുചിത്വ പദ്ധതിയുടെ തുടർച്ചയായാണ് സ്നേഹാരാമങ്ങൾ. പ്രധാന കവലകളിലും റോഡരികുകളിലും മാലിന്യം നിറഞ്ഞതും ചെളിവെള്ളം കെട്ടിക്കിടന്നതുമായ സ്ഥലങ്ങൾ നന്നാക്കിയെടുത്ത് പൂന്തോട്ടമാക്കുന്ന പദ്ധതിയാണിത്‌. വിദ്യാർഥികൾ, ചുമട്ടുതൊഴിലാളികൾ, ഓട്ടോറിക്ഷ ഡ്രൈവർമാർ, വിവിധ സംഘടനകൾ, സ്ഥാപനങ്ങൾ എന്നിവയുടെ പിന്തുണയോടെ നഗരസഭ ആരോഗ്യവിഭാഗവും ജനപ്രതിനിധികളും ഹരിതകർമസേനയും മുൻകെെയെടുത്താണ് പൂന്തോട്ടം ഒരുക്കുന്നത്‌. പുതിയ റോഡ്, പാതാളം, മഞ്ഞുമ്മൽ, ഇടമുള, ഫാക്ട് കവല, വടക്കുംഭാഗം ഏലൂർ ഫെറിറോഡ്, ബാങ്ക്, പോസ്റ്റ് ഓഫീസ്, പൊലീസ് സ്റ്റേഷൻ, ഫാക്ട് ഗ്രൗണ്ട്, ഫാക്ട് മാർക്കറ്റ് എന്നിവിടങ്ങളിൽ ഇതിനകം പൂന്തോട്ടമൊരുക്കി. കോൺക്രീറ്റ് റിങ്ങുകളും പഴയ ടയറുകളും ചായംതേച്ച് ചെടിച്ചട്ടികളാക്കി. ചെടികൾ പരിപാലിക്കുന്നത് ഹരിതകർമസേനാംഗങ്ങളാണ്. ബസ് സ്റ്റോപ്പ് സൗന്ദര്യവൽക്കരണം, ടെയ്ക്ക് എ ബ്രേക് കേന്ദ്രം നിർമിക്കലും ക്ലീൻ കേരളയിൽ നടപ്പാക്കുന്നു. ജനകീയ സൗന്ദര്യവൽക്കരണത്തിന്റെ ഭാഗമായി ബസ് കാത്തിരുപ്പുകേന്ദ്രങ്ങൾ പെയിന്റ്‌ ചെയ്ത് ചിത്രംവരച്ച് മനോഹരമാക്കുന്നുണ്ട്‌. പൊതു ശൗചാലയമുൾപ്പെടുന്ന ‘ടെയ്ക്ക് എ ബ്രേക്' കേന്ദ്രങ്ങളും ആരംഭിച്ചു. നാലാമത്തെ കേന്ദ്രം പുതിയ റോഡ് കവലയിൽ ഉടൻ തുറക്കും. നഗരസഭയുടെ പ്രവർത്തനം വിലയിരുത്തി 2025 വരെ 40 ലക്ഷം രൂപ നഗര സൗന്ദര്യവൽക്കരണത്തിനായി ശുചിത്വമിഷൻ അനുവദിച്ചിട്ടുണ്ട്. ജില്ലയിൽ ശുചിത്വവൽക്കരണത്തിനായി ഏറ്റവും അധികം തുക ലഭിച്ചത് ഏലൂർ നഗരസഭയ്ക്കാണെന്ന് ചെയർമാൻ എ ഡി സുജിൽ പറഞ്ഞു. Read on deshabhimani.com

Related News