കളി വേറെ ലെവലാകും ; ജിസിഡിഎ സ്‌പോർട്‌സ് സമുച്ചയം ഉടൻ
കൊച്ചി കൊച്ചിയുടെ കായിക മുന്നേറ്റത്തിന് പുതിയ രൂപവും ഭാവവും നൽകാൻ ജിസിഡിഎയുടെ സ്‌പോർട്‌സ് അക്കാദമി സമുച്ചയത്തിന് രൂപരേഖയാകുന്നു. അംബേദ്‌കർ സ്‌റ്റേഡിയം പൊളിച്ചുമാറ്റുന്ന സ്ഥാനത്ത് നൂറുകോടി രൂപ ചെലവഴിച്ചാണ് രാജ്യാന്തര നിലവാരത്തിൽ പുതിയ സ്‌പോർട്‌സ് കോംപ്ലക്‌സ് നിർമിക്കുന്നതെന്ന് ജിസിഡിഎ ചെയർമാൻ കെ ചന്ദ്രൻപിള്ള പറഞ്ഞു. പഴക്കംചെന്ന് ജീർണാവസ്ഥയിലായിരുന്ന അംബേദ്‌കർ സ്‌റ്റേഡിയം പൊളിച്ചുനീക്കുന്ന ജോലികൾ അവസാനഘട്ടത്തിലാണ്. 15,000 പേർക്ക് കളികാണാവുന്ന ഗ്യാലറി, നാച്വറൽ ടർഫ് ഫുട്‌ബോൾ മൈതാനം, എട്ടു ട്രാക്കുള്ള സ്വിമ്മിങ് പൂൾ എന്നിവയാണ് പ്രധാന ആകർഷണം. ആകെയുള്ള എട്ടേക്കറിയിൽ മൂന്നേക്കറും ഫുട്‌ബോൾ മൈതാനത്തിനായി ഉപയോഗപ്പെടുത്തും. റെയിൽവേ ലൈനിനോടുചേർന്ന് കിഴക്ക്–-പടിഞ്ഞാറ് ഭാഗത്ത് മികച്ച ഗ്യാലറിയോടെയാണ് ഫുട്‌ബോൾ സ്‌റ്റേഡിയം നിർമിക്കുക. ഇതിനോടുചേർന്ന അഞ്ചേക്കറിൽ സ്‌പോർട്‌സ് അക്കാദമി നിർമിക്കും. അക്കാദമിക്ക് ചുറ്റും നടക്കാനും സൈക്ലിങ്, സ്‌കേറ്റിങ് എന്നിവയ്‌ക്കായുള്ള സിന്തറ്റിക് ട്രാക്കും ഒരുക്കും. മൂന്ന് ലെവലുകളിലായി ഒരുക്കുന്ന സമുച്ചയത്തിൽ ബാസ്‌കറ്റ്‌ബോൾ, വോളിബോൾ, ടെന്നീസ്, ക്രിക്കറ്റ്, ഷട്ടിൽ ബാഡ്‌മിന്റൺ, മാർഷ്യൽ ആർട്‌സ് തുടങ്ങിയവയ്‌ക്കുള്ള കോർട്ടുകളും പരിശീലന ഇടവും നിർമിക്കും. അഡ്‌മിനിസ്‌ട്രേറ്റീവ് ഓഫീസ്, റസ്‌റ്റോറന്റ്, പാർക്കിങ് സംവിധാനം, വൈദ്യുതിക്കായി സോളാർ സംവിധാനം എന്നിവയും ഉണ്ടാകും. പരിശീലനങ്ങൾക്കൊപ്പം, ദേശീയ നിലവാരത്തിലുള്ള ടൂർണമെന്റുകൾവരെ നടത്താവുന്ന തരത്തിലാണ് സ്‌പോർട്‌സ് സമുച്ചയം ഒരുക്കുന്നത്. പദ്ധതിയുടെ പ്രാഥമിക രൂപരേഖ തയ്യാറായി. ഉടനെ സർക്കാർ അനുമതിക്കായി സമർപ്പിക്കും. അനുമതി ലഭിച്ചാൽ ആദ്യഘട്ടത്തിൽ ഫുട്‌ബോൾ സ്‌റ്റേഡിയം നിർമിക്കും. എട്ടുമാസത്തിനകം നിർമാണം പൂർത്തിയാക്കാൻ നടപടി സ്വീകരിച്ചിട്ടുണ്ടെന്നും ചന്ദ്രൻപിള്ള പറഞ്ഞു. പണമില്ലെന്നതിന്റെ പേരിൽ സാധാരണക്കാരായ കായികതാരങ്ങൾ പിന്തള്ളപ്പെടരുതെന്ന ലക്ഷ്യത്തോടെയാണ് സ്‌പോർട്‌സ് സമുച്ചയം നിർമിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. Read on deshabhimani.com