യുഡിഎഫിലെ അധികാരത്തർക്കം ; കൂവപ്പടി, ഒക്കൽ പഞ്ചായത്തുകളിൽ മൂന്നരവർഷത്തിനിടെ 3 പ്രസിഡന്റ്



പെരുമ്പാവൂർ യുഡിഎഫിലെ അധികാരത്തർക്കത്തിന്റെ ഭാഗമായി പ്രസിഡന്റ്‌ സ്ഥാനം വീതംവച്ച്‌ നൽകിയ കൂവപ്പടി, ഒക്കൽ പഞ്ചായത്തുകളിൽ പുതിയ പ്രസിഡന്റിനെ തെരഞ്ഞെടുത്തു. ഒക്കലിൽ ടി എൻ മിഥുനും കൂവപ്പടിയിൽ മായ കൃഷ്ണകുമാറും പ്രസിഡന്റുമാരാകും. മൂന്നാമത്തെ പ്രസിഡന്റാണ്‌ ഇരു പഞ്ചായത്തിലും അധികാരമേൽക്കുന്നത്‌. ഇരുവർക്കും ബാക്കിയുള്ള ഒന്നരവർഷം ഭരിക്കാം. യുഡിഎഫ്‌ ഭരിക്കുന്ന പെരുമ്പാവൂർ നഗരസഭ, വെങ്ങോല, കൂവപ്പടി, ഒക്കൽ പഞ്ചായത്തുകളിലും കൂവപ്പടി ബ്ലോക്ക് പഞ്ചായത്തിലും അധികാരത്തർക്കം രൂക്ഷമാണ്‌. ഇവിടങ്ങളിലും രണ്ടുവർഷം, ഒന്നരവർഷം വീതവും ചെയർമാൻ, പ്രസിഡന്റ്‌ സ്ഥാനങ്ങൾ പങ്കിടേണ്ടിവന്നു. നഗരസഭയിൽ ശനി പകൽ 11ന്‌ ചെയർമാനെ തെരഞ്ഞെടുക്കും. നേതൃത്വം പലപ്പോഴായി മാറുന്നതിനാൽ ഇവിടങ്ങളിൽ വികസനപ്രവർത്തനങ്ങൾ മുരടിച്ചനിലയാണ്‌. ബജറ്റ് അവതരിപ്പിച്ചതല്ലാതെ ഒരു പദ്ധതിയും യാഥാർഥ്യമാക്കാൻ കഴിഞ്ഞിട്ടില്ല. മഴക്കാലപൂർവ ശുചീകരണപ്രവർത്തനങ്ങൾ നടക്കാത്തതുമൂലം പഞ്ചായത്തുകളിലെ പല മേഖലകളും വെള്ളപ്പൊക്കഭീഷണിയിലാണ്. ഭൂരിപക്ഷമില്ലാതെ യുഡിഎഫ് ഭരിക്കുന്ന വെങ്ങോല പഞ്ചായത്തിൽ രണ്ടാമത്തെ പ്രസിഡന്റിന് ഡിസംബർവരെ കാലാവധിയുണ്ട്. മൂന്നാമത്തെയാൾ ഊഴംകാത്തിരിക്കുകയാണ്. തുടർച്ചയായ ഭരണമാറ്റത്തിനെതിരെ കോൺഗ്രസിലെ പ്രാദേശികപ്രവർത്തകർക്കിടയിൽ പ്രതിഷേധം വ്യാപകമായി. Read on deshabhimani.com

Related News