നന്ദിയോടെ നോറൻ മടങ്ങി
വൈപ്പിൻ രണ്ടുമാസംമുമ്പ് തലയ്ക്ക് ഗുരുതരപരിക്കേറ്റ് ഓർമശക്തി നഷ്ടപ്പെട്ട് സ്കൂൾമുറ്റം കാൻക്യൂർ ജെർമിയ പാലിയേറ്റീവ് കെയർ സെന്ററിലെത്തിയ അസം സ്വദേശിയെ നിരന്തരപരിചരണത്തിലൂടെ സുഖപ്പെടുത്തി സ്വന്തം നാട്ടിലേക്ക് യാത്രയാക്കി. അത്യാസന്നനിലയിൽ എറണാകുളം ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ച യുവാവിന് ഒന്നും ഓർമിക്കാൻ കഴിഞ്ഞിരുന്നില്ല. അതിനാൽ കുടുംബത്തെ ബന്ധപ്പെടാൻ കഴിഞ്ഞില്ല. തുടർന്ന് യുവാവിനെ എറണാകുളം സെൻട്രൽ പൊലീസിന്റെ അനുമതിയോടെ കാൻക്യൂർ ജെർമിയ പാലിയേറ്റീവ് കെയർ സെന്ററിൽ മെയ് 15ന് പ്രവേശിപ്പിച്ചു. ജോലിതേടി കേരളത്തിലേക്ക് വരുംവഴി ട്രെയിനിലുണ്ടായ അപകടത്തിലാണ് ഇയാൾക്ക് പരിക്കേറ്റത്. റെയിൽവേ പൊലീസാണ് ആശുപത്രിയിൽ എത്തിച്ചത്. പാലിയേറ്റീവ് സെന്ററിലെ പരിചരണവും ശുശ്രൂഷയുംകൊണ്ട് ഇയാൾക്ക് ഓർമശക്തി വീണ്ടെടുക്കാനായി. പിന്നീടാണ് ഇയാളുടെ പേര് നോറൻ ഓറങ്ക എന്നാണെന്നും വയസ്സ് നാൽപ്പത്തിനാലാണെന്നും അസം സ്വദേശിയാണെന്നും വെളിവായത്. ഫിസിയോതെറാപ്പി ചികിത്സയിലൂടെ നോറൻ ഓറങ്കയ്‌ക്ക് നടക്കാനും ആരോഗ്യം വീണ്ടെടുക്കാനുമായി. തുടർന്ന് നടന്ന അന്വേഷണത്തിലാണ് അസമിലുള്ള സഹോദരങ്ങളെ ബന്ധപ്പെടാനായത്. അവർ സഹോദരനെ ഏറ്റെടുക്കാൻ സന്നദ്ധത അറിയിച്ചു. തുടർന്ന് ഞായറാഴ്ച സഹോദരങ്ങളെത്തി അദ്ദേഹത്തെ കൂട്ടിക്കൊണ്ടുപോയി. എളങ്കുന്നപ്പുഴ പഞ്ചായത്ത് പ്രസിഡന്റ് രസികല പ്രിയരാജ്, സ്ഥിരംസമിതി അധ്യക്ഷ വോൾഗ തെരേസ, ജെർമിയ പാലിയേറ്റീവ് കെയർ സെന്റർ ചെയർമാൻ കെ ജെ പീറ്റർ എന്നിവരുടെ സാന്നിധ്യത്തിൽ യുവാവിന് യാത്രയയപ്പ് നൽകി. Read on deshabhimani.com