തിരക്കേറി ശൂലം വെള്ളച്ചാട്ടം



മൂവാറ്റുപുഴ മാറാടി പഞ്ചായത്ത് 13–--ാംവാർഡിലെ കായനാട്‌ ശൂലം വെള്ളച്ചാട്ടം കാണാൻ തിരക്കേറുന്നു. ദിവസവും നിരവധിപേരാണ്‌ ഇവിടെയെത്തുന്നത്‌. രണ്ടു മലകൾക്കിടയിലൂടെ ചെങ്കുത്തായും പാറയിലൂടെ പല തട്ടുകളായി പരന്നൊഴുകിയും നൂറടി താഴ്‌ചയിലേക്ക്‌ പതിക്കുന്ന വെള്ളച്ചാട്ടം മനോഹരമാണ്. പിറമാടം കൊച്ചരുവിക്കൽ, വിരുപ്പുകണ്ടം പ്രദേശങ്ങളിലെ നീരുറവകളിൽനിന്ന്‌ ഉത്ഭവിച്ച്‌ ഒഴുകുന്ന ശൂലം തോട്ടിലാണ് വെള്ളച്ചാട്ടം. പാറയിടുക്കുകളും വലിയ പാറക്കല്ലുകളുമുള്ള സ്ഥലമാണ്. വിവിധതരം കാട്ടുമരങ്ങളും ചെടികളും ജീവജാലങ്ങളുമുള്ള ജൈവവൈവിധ്യപ്രദേശമാണ്. മരങ്ങളുടെ വേരുകളിലും കല്ലുകളിലും പിടിച്ചാണ് ആളുകൾ കയറിയിറങ്ങുന്നത്. വെള്ളച്ചാട്ടത്തിൽ ചാടിത്തിമിർത്തും കുളിച്ചും മടക്കം. പതിറ്റാണ്ടുകൾമുമ്പ് കായനാട് പ്രദേശത്ത് കൃഷിക്ക്‌ വെള്ളമുപയോഗിച്ചത് ഇവിടെനിന്നാണ്. സമീപത്ത് വീടുകളും സ്ഥാപനങ്ങളുമില്ല. റബർതോട്ടവും കൃഷിയിടങ്ങളുമാണ്. വെള്ളച്ചാട്ടത്തിനു മുകളിലുള്ള ചെക്ക് ഡാം, സമീപത്ത് തടാകംപോലെ വെള്ളം നിറഞ്ഞ പാറമട, മലമുകളിൽനിന്നുള്ള ദൂരക്കാഴ്ച എന്നിവയും സഞ്ചാരികളെ ആകർഷിക്കുന്നു. ശൂലം തോട് കായനാട് പാടശേഖരത്തിലൂടെ ഒഴുകി മൂവാറ്റുപുഴയാറിലാണ് പതിക്കുന്നത്. വെള്ളച്ചാട്ടത്തിന്റെ തനിമ സംരക്ഷിച്ച് വിനോദസഞ്ചാരകേന്ദ്രമാക്കണമെന്ന നിർദേശം ഉയർന്നിട്ടുണ്ട്‌. വെള്ളച്ചാട്ടത്തോട്‌ ചേർന്നുള്ള റവന്യുഭൂമി അളന്നുതിരിച്ച് ഗ്രാമീണ ടൂറിസം പദ്ധതിയിൽ ഉൾപ്പെടുത്തേണ്ടതാണ്. സർക്കാരിന്റെ കാവുസംരക്ഷണ പദ്ധതിയിൽ പരിഗണിക്കാൻ മുമ്പ് ആലോചിച്ചിരുന്നു. മൂവാറ്റുപുഴയിൽനിന്ന് എട്ടും പിറവത്തുനിന്ന് 12ഉം കിലോമീറ്ററാണ് ഇവിടേക്കുള്ള ദൂരം. ശൂലം മുകൾ ബസ് സ്റ്റോപ്പിൽനിന്ന് 250 മീറ്റർ അകലെയാണ് വെള്ളച്ചാട്ടം. Read on deshabhimani.com

Related News