യുവാക്കളെ വെട്ടിക്കൊല്ലാൻ ശ്രമം; ആറുപേർ പിടിയിൽ



മൂവാറ്റുപുഴ/തൃക്കാക്കര മൂവാറ്റുപുഴയിലും തൃക്കാക്കരയിലും യുവാക്കളെ വെട്ടിക്കൊലപ്പെടുത്താൻ ശ്രമിച്ച രണ്ടു കേസുകളിലായി ആറുപേരെ പിടികൂടി. മൂവാറ്റുപുഴ ഈസ്റ്റ് കടാതി സംഗമംപടി കരിപ്പുറത്ത് വീട്ടിൽ അഭിലാഷ് (43), ചെറുവട്ടൂർ പുതുക്കുടിയിൽ വീട്ടിൽ അമൽ (29),  കോതമംഗലം കാരക്കുന്നത്ത് വാടകയ്ക്ക് താമസിക്കുന്ന ആരക്കുഴ തോട്ടക്കര പുതിയവീട്ടിൽ പ്രിന്റോ പീറ്റർ (40), ചെറുവട്ടൂരിൽ വാടകയ്ക്ക് താമസിക്കുന്ന വാഴപ്പിള്ളി മന്നാംകുഴി വീട്ടിൽ മഹേഷ് (കണ്ണൻ–-41) എന്നിവരെയാണ് മൂവാറ്റുപുഴ പാെലീസ് അറസ്റ്റ് ചെയ്തത്. കടാതി കുര്യൻമല മൂലങ്കുഴിയിൽ നിച്ചു എൽദോസിനെ (20) കൊലപ്പെടുത്താൻ ശ്രമിച്ച കേസിലാണ്‌ അറസ്‌റ്റ്‌. വ്യക്തിവൈരാഗ്യമാണ് ആക്രമണത്തിനു കാരണമെന്ന്‌ പൊലീസ് പറഞ്ഞു. പ്രതികളിലൊരാൾ നിച്ചുവിനെ ഫോണിൽ വിളിച്ച് ഭീഷണിപ്പെടുത്തിയത് വാക്കേറ്റത്തിൽ കലാശിച്ചു. തുടർന്നാണ് വീട്ടിലെത്തി ആക്രമിച്ചത്. തലയ്ക്ക് പരിക്കേറ്റ നിച്ചു, സ്വകാര്യ ആശുപത്രിയിൽ ചികിത്സ തേടി. വധശ്രമത്തിനും വീട്ടിൽ അതിക്രമിച്ചുകയറി ആക്രമണം നടത്തിയതിനുമാണ് കേസ്. രണ്ടാംപ്രതി അമൽ രണ്ട് കേസിൽ പ്രതിയാണെന്ന് പൊലീസ് പറഞ്ഞു. വെട്ടാനുപയോഗിച്ച കത്തി പൊലീസ് കണ്ടെടുത്തു. പ്രതികളെ കോടതി  റിമാൻഡ്‌ ചെയ്തു. ഇൻസ്പെക്ടർ ബേസിൽ തോമസ്, എസ്ഐമാരായ മാഹിൻ സലിം, പി സി ജയകുമാർ, എം വി ദിലീപ് കുമാർ, സീനിയർ സിപിഒമാരായ ബിബിൽ മോഹൻ, കെ എ അനസ്, പി എ ഷിബു, ബി ധനേഷ് കുമാർ തുടങ്ങിയവരാണ് അന്വേഷകസംഘത്തിൽ ഉണ്ടായിരുന്നത്. തൃക്കാക്കര ചിറ്റേത്തുകര കണ്ണങ്കേരി പ്രദീപിനെ തിരുവോണദിവസം രാത്രി 10ന് വീട്ടിൽനിന്ന്‌ വിളിച്ചിറക്കി വെട്ടിക്കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ കാക്കനാട് ചിറ്റേത്തുകര കണ്ണങ്കേരി രഞ്‌ജിത്, സഹോദരൻ രാഗേഷ്‌ എന്നിവരാണ്‌ തൃക്കാക്കര പൊലീസിന്റെ പിടിയിലായത്. കഴുത്തിനും നെഞ്ചിലും വയറിലും ഗുരുതരമായി വെട്ടേറ്റ പ്രദീപ് ഗുരുതരാവസ്ഥയിൽ ചികിത്സയിലാണ്. ആക്രമണത്തിനിടെ വെട്ടേറ്റ പ്രതി രഞ്ജിത്തിനെ ബുധനാഴ്‌ച ആശുപത്രിയിൽനിന്ന് ഡിസ്ചാർജ് ചെയ്തശേഷം പൊലീസ് കസ്റ്റഡിയിലെടുക്കുകയായിരുന്നു. സംഭവശേഷം ഒളിവിൽ പോയ രാഗേഷിനെ കഴിഞ്ഞദിവസം പൊലീസ് പിടികൂടിയിരുന്നു. പ്രദീപുമായുള്ള മുൻവൈരാഗ്യമാണ് ആക്രമണത്തിന് കാരണമെന്നാണ് പൊലീസ് കരുതുന്നത്. Read on deshabhimani.com

Related News