കൊച്ചി മാതൃക ; വികസനത്തിന്‌ 
സിഎസ്‌എംഎൽ പദ്ധതികൾ



കൊച്ചി നഗരവികസനത്തിനായുള്ള സിഎസ്എംഎല്ലിന്റെ വിവിധ പദ്ധതികൾക്ക്‌ തുടക്കം. മാലിന്യനീക്കത്തിനായുള്ള റെഫ്യൂസ് കോംപാക്ടറുകളുടെ ഫ്ലാഗ് ഓഫ്, സിഎസ്എംഎൽ നവീകരിച്ച പൊതുഇടങ്ങൾ, വൈറ്റില മൊബിലിറ്റി ഹബ്ബിലെ സർവീസ് റോഡ്, ഫോർട്ട് കൊച്ചി കെ ബി ജേക്കബ് റോഡ് എന്നിവയുടെ ഉദ്ഘാടനം ദർബാർ ഹാൾ ഗ്രൗണ്ടിൽ നടന്ന പരിപാടിയിൽ തദ്ദേശമന്ത്രി എം ബി രാജേഷ് നിർവഹിച്ചു. കനാലുകളിലെ പോള നീക്കുന്നതിനുള്ള ആംഫിബിയൻ വീഡ് ഹാർവെസ്റ്റർ, റോഡിലെ കുഴികൾ അടയ്ക്കുന്നതിനുള്ള പോട്ട് ഹോൾ പാച്ചിങ് മെഷീൻ എന്നിവയുടെ ഫ്ലാഗ് ഓഫ്, വൈറ്റില മൊബിലിറ്റി ഹബ്ബ്‌ റൺവേ ടെർമിനലിന്റെയും പാർക്കിന്റെയും നിർമാണോദ്ഘാടനം എന്നിവ വ്യവസായമന്ത്രി പി രാജീവ് നിർവഹിച്ചു. റെഫ്യൂസ് കോംപാക്ടറുകൾ, ആംഫിബിയൻ വീഡ് ഹാർവെസ്റ്റർ, പോട്ട് ഹോൾ പാച്ചിങ് മെഷീൻ എന്നിവ കൊച്ചി കോർപറേഷന് സിഎസ്എംഎൽ കൈമാറി. പതിനഞ്ച്‌ ആധുനിക റെഫ്യൂസ്‌ കോംപാക്ടറുകൾ നിരത്തിലിറങ്ങുന്നതോടെ, തുറന്നവാഹനത്തിലൂടെയുള്ള മാലിന്യനീക്കമുണ്ടാക്കുന്ന പ്രശ്‌നങ്ങൾക്ക്‌ പരിഹാരമാകും.  8.76 കോടി രൂപയാണ് നഗരസഭ വാഹനങ്ങൾക്കായി ആദ്യം ചെലവഴിക്കുക. ഓപ്പറേഷൻ, മെയിന്റനൻസ്‌ എന്നിവയ്‌ക്കായി അഞ്ചുവർഷത്തേക്ക്‌ നൽകുന്നത്‌ 27.82 കോടിയാണ്‌. കമ്പനിതന്നെ അഞ്ചുവർഷം സർവീസ്‌ നടത്തണം. കേടുപാടുകൾ തീർക്കുന്നതും ഡീസൽ ചെലവും കമ്പനിതന്നെ വഹിക്കണം. പോട്ട് ഹോൾ പാച്ചിങ് മെഷീന്റെ ചെലവ് 1.76 കോടിയാണ്. എന്നാൽ, അഞ്ചുവർഷത്തെ അറ്റക്കുറ്റപ്പണിക്ക്‌ 6.16 കോടി രൂപവരും. കമ്പനിതന്നെയാണ് പ്രവർത്തിപ്പിക്കുക. മേയർ എം അനിൽകുമാർ അധ്യക്ഷനായി. ഹൈബി ഈഡൻ എംപി, ടി ജെ വിനോദ്‌ എംഎൽഎ, സിഎസ്‌എംഎൽ സിഇഒ ഷാജി വി നായർ, ഡെപ്യൂട്ടി മേയർ കെ എ അൻസിയ, സ്ഥിരംസമിതി അധ്യക്ഷരായ പി ആർ റെനീഷ്‌, വി എ ശ്രീജിത്, ഷീബ ലാൽ, കൗൺസിലർ പത്മജ എസ്‌ മേനോൻ തുടങ്ങിയവർ സംസാരിച്ചു. Read on deshabhimani.com

Related News