കടാതിയിലെ മാലിന്യപ്രശ്നം ; ആർഡിഒ വിളിച്ച യോഗത്തിൽ ഒത്തുതീർപ്പ്; സമരം നിർത്തി
മൂവാറ്റുപുഴ മൂവാറ്റുപുഴ നഗരസഭയുടെ കടാതി വളക്കുഴി മാലിന്യസംസ്കരണ കേന്ദ്രത്തിനുമുന്നിൽ പ്രദേശവാസികൾ നടത്തിവന്ന സമരം താൽക്കാലികമായി അവസാനിപ്പിച്ചു. മൂവാറ്റുപുഴ ആർഡിഒ പി എൻ അനി വിളിച്ചുചേർത്ത യോഗത്തിലാണ് തീരുമാനം. സമരസമിതി ഭാരവാഹികൾ, നഗരസഭാ അധികൃതർ, മാലിന്യസംസ്കരണ ഏജൻസി പ്രതിനിധികൾ എന്നിവരുമായാണ് ചർച്ച നടത്തിയത്. ജൈവമാലിന്യം 30 ദിവസത്തിനകം സംസ്കരിച്ച് നഗരസഭയുടെ മേൽനോട്ടത്തിൽ നീക്കം ചെയ്യും. ഇതിനായി പ്രത്യേക സമിതി രൂപീകരിച്ച് നഗരസഭയിൽ യോഗം ചേർന്നു. ചർച്ചയിലെ നിർദേശങ്ങൾ നടപ്പാക്കാൻ യോഗം തീരുമാനിച്ചു. നഗരസഭാ പ്രതിനിധിയുടെയും സമരസമിതി അംഗങ്ങളുടെയും സാന്നിധ്യത്തിലാകും മാലിന്യം തരംതിരിച്ച് സംസ്കരിക്കുക. ഇതിനായി സംസ്കരണ ഏജൻസിയെ ചുമതലപ്പെടുത്തി. ജൈവമാലിന്യം കമ്പോസ്റ്റ് വളമാക്കുന്നതിലെ കൃത്യത സമിതി ഉറപ്പുവരുത്തും. സ്ഥലപരിമിതിമൂലം നിലവിലുള്ള ലാർവ കമ്പോസ്റ്റ് നിർമാണം തൽക്കാലം നിർത്തും. മാലിന്യമൊഴുകുന്നതും ദുർഗന്ധവും മൂലം സമരസമിതി 10 ദിവസമായി മാലിന്യവാഹനങ്ങൾ തടഞ്ഞതിനാൽ ഇവിടേക്ക് മാലിന്യം എത്തിക്കാനായില്ല. ഇതേത്തുടർന്നാണ് ആർഡിഒ ചർച്ചയ്ക്ക് വിളിച്ചത്. നഗരസഭാ ചെയർമാൻ പി പി എൽദോസ്, വൈസ് ചെയർപഴ്സൺ സിനി ബിജു, സ്ഥിരംസമിതി അധ്യക്ഷരായ പി എം അബ്ദുൽ സലാം, നിസ അഷ്റഫ്, കൗൺസിലർമാരായ ആർ രാകേഷ്, മീര കൃഷ്ണൻ, പായിപ്ര പഞ്ചായത്ത് അംഗം വിജി പ്രഭാകരൻ, നഗരസഭാ സെക്രട്ടറി എച്ച് സിമി, സമരസമിതി ഭാരവാഹികളായ കെ കെ കുട്ടപ്പൻ, കെ ബാബു, എൽദോസ് ടി പാലപ്പുറം, കെ എൻ രാജൻ, മായ എൽദോസ്, ദീപ സാബു എന്നിവരും മലിനീകരണ നിയന്ത്രണ ബോർഡ്, നഗരസഭ ആരോഗ്യവിഭാഗം, ശുചിത്വമിഷൻ എന്നിവയുടെ പ്രതിനിധികളും ചർച്ചയിൽ പങ്കെടുത്തു. Read on deshabhimani.com