ലേക്‌ഷോറിൽ അപൂർവ ശസ്‌ത്രക്രിയ; 47കാരന്‌ പുതുജീവൻ

മോഹൻ കാമ്പ്രത്ത്‌ (ഇടത്തുനിന്ന്‌ മൂന്നാമത്) എറണാകുളം വിപിഎസ്‌ ലേക്‌ഷോർ ആശുപത്രിയിൽ ഡോ. ഫദൽ എച്ച് വീരാൻകുട്ടി, ഡോ. എബി എബ്രഹാം, ഡോ. ജിതിൻ എസ് കുമാർ, ഡോ. പി ഡാറ്റ്സൺ ജോർജ്, ഡോ. ജോർജ്‌ പി എബ്രഹാം എന്നിവർക്കൊപ്പം


കൊച്ചി അത്യപൂർവരോഗം ബാധിച്ച യുവാവിനെ ശസ്‌ത്രക്രിയയിലൂടെ ജീവിതത്തിലേക്ക്‌ തിരിച്ചെത്തിച്ച്‌ വിപിഎസ്‌ ലേക്‌ഷോർ ആശുപത്രി. ഒരു കോടിയിൽ ഒരാൾക്കുമാത്രം പിടിപെടുന്ന പ്രൈമറി ഹൈപ്പറോക്സലൂറിയ രോഗം ബാധിച്ച കണ്ണൂർ സ്വദേശി മോഹൻ കാമ്പ്രത്താണ്‌ (47) കരളും വൃക്കയും മാറ്റിവയ്ക്കൽ ശസ്ത്രക്രിയയിലൂടെ പുതുജീവിതത്തിലേക്ക്‌ ചുവടുവയ്‌ക്കുന്നത്‌. ഇരുപത്തിരണ്ട്‌ വർഷത്തിനിടെ വിവിധ ആശുപത്രികളിലായി 15 ശസ്ത്രക്രിയകൾക്ക് വിധേയനായ മോഹൻ വിപിഎസ് ലേക്‌ഷോർ ആശുപത്രിയിലെ ചികിത്സയിൽ പൂർണമായും രോഗമുക്തനായി. ശരീരത്തിൽ ഒക്സലേറ്റ് അടിയുന്നത് തടയുന്ന, കരളിലെ ഒരു എൻസൈം ഇത്തരം രോഗികൾക്ക്‌ ഉണ്ടാകില്ല. ഇതോടെ വൃക്കയിൽ കല്ലുകൾ രൂപപ്പെടും. ഹൃദയം, കണ്ണുകൾ തുടങ്ങിയ അവയവങ്ങൾ തകരാറിലാകുകയും ചെയ്യും. 23–--ാംവയസ്സിൽ ദുബായിൽവച്ചാണ്‌ വൃക്കയിലെ കല്ല് നീക്കാനുള്ള ആദ്യ ശസ്ത്രക്രിയ. ദുബായിൽ ഏഴും കോഴിക്കോട്ടെ ആശുപത്രിയിൽ ആറും ശസ്ത്രക്രിയകൾ നടത്തിയെങ്കിലും രോഗം മാറിയില്ല. കരളും വൃക്കയും ഒരുമിച്ചു മാറ്റിവയ്ക്കൽ മാത്രമാണ് ഏക മാർഗമെന്ന് ലേക്‌ഷോർ ആശുപത്രിയിലെ ഡോക്ടർമാർ കണ്ടെത്തി. വിവിധ വകുപ്പുകളിലെ ഡോക്‌ടർമാരുടെ ടീം ഒരേസമയം രണ്ട് ദാതാക്കളും ഒരു സ്വീകർത്താവും ഉൾപ്പെട്ട സങ്കീർണ ശസ്ത്രക്രിയ മൂന്ന് ഓപ്പറേഷൻ തിയറ്ററുകളിലായി നടത്തി. വീണ്ടും ദുബായിലെ ജോലിയിൽ പ്രവേശിക്കാൻ ഒരുങ്ങുകയാണ്‌ മോഹൻ. ലിവർ ട്രാൻസ്‌പ്ലാന്റ് സീനിയർ കൺസൽട്ടന്റ് ഡോ. ഫദൽ എച്ച് വീരാൻകുട്ടി, യൂറോളജി മേധാവി ഡോ. ജോർജ്‌ പി എബ്രഹാം, നെഫ്രോളജി മേധാവി ഡോ. എബി എബ്രഹാം, ഡോ. പി ഡാറ്റ്സൺ ജോർജ്‌, ഡോ. ജിതിൻ എസ് കുമാർ, അനസ്‌തറ്റിസ്‌റ്റ്‌ ഡോ. മോഹൻ മാത്യു എന്നിവർ ചേർന്നാണ്‌ ശസ്‌ത്രക്രിയ നടത്തിയത്‌. ഈ ശസ്‌ത്രക്രിയ ലേക്‌ഷോറിൽ രണ്ടാംതവണയാണ്‌ വിജയകരമായി പൂർത്തിയാക്കിയതെന്ന്‌ ആശുപത്രി മാനേജിങ്‌ ഡയറക്ടർ എസ് കെ അബ്ദുള്ള പറഞ്ഞു. Read on deshabhimani.com

Related News