തൃക്കാക്കരയിൽ ഭക്ഷ്യകിറ്റ്‌ പാഴാക്കിയ സംഭവം ; ക്ഷേമകാര്യ അധ്യക്ഷയുടെ 
രാജിക്കായി കൗൺസിലിൽ ബഹളം



തൃക്കാക്കര അതിദരിദ്രർക്കുള്ള ഭക്ഷ്യകിറ്റ് ഉപയോഗശൂന്യമാക്കിയതിൽ ക്ഷേമകാര്യ സ്ഥിരംസമിതി അധ്യക്ഷ സുനീറ ഫിറോസിന്റെ രാജി ആവശ്യപ്പെട്ട് തൃക്കാക്കര നഗരസഭാ കൗൺസിൽ യോഗത്തിൽ എൽഡിഎഫ് അംഗങ്ങളുടെ പ്രതിഷേധം. സുനീറയെ എൽഡിഎഫ് വനിതാ കൗൺസിലർമാർ കൗൺസിൽ ഹാളിൽ ഉപരോധിച്ചു. അതിദരിദ്രർക്കുള്ള ഭക്ഷ്യകിറ്റ് എലി നശിപ്പിക്കാൻ ഇടയാക്കിയ സാഹചര്യം വിശദീകരിക്കണമെന്ന് കൗൺസിൽ തുടങ്ങിയപ്പോൾ പ്രതിപക്ഷനേതാവ് എം കെ ചന്ദ്രബാബു ആവശ്യപ്പെട്ടു. സുനീറ മറുപടി പറയണമെന്നാവശ്യപ്പെട്ട് എൽഡിഎഫ് കൗൺസിലർമാരായ ജിജോ ചിങ്ങംതറ, പി സി മനൂപ്, അജുന ഹാഷിം എന്നിവരും രംഗത്തെത്തി. എന്നാൽ, സുനീറ മറുപടിക്ക്‌ തയ്യാറായില്ല.   സംഭവത്തിൽ ബന്ധപ്പെട്ട ഉദ്യോഗസ്ഥയോട് നഗരസഭാ സെക്രട്ടറി വിശിദീകരണം ആവശ്യപ്പെട്ടു. ഒക്‌ടോബർ മൂന്നിനാണ്‌ ഭക്ഷ്യകിറ്റ് എത്തിയത്‌. ക്ഷേമകാര്യ സ്ഥിരംസമിതി അധ്യക്ഷയുടെ നിർദേശം ലഭിക്കാത്തതിനാലാണ് വിതരണം വൈകിയതെന്ന് നിർവഹണ ഉദ്യോഗസ്ഥ അറിയിച്ചതോടെ പ്രതിപക്ഷ ബഹളം രൂക്ഷമായി. ഭരണപ്രതിപക്ഷ അംഗങ്ങൾ തമ്മിലുള്ള വാഗ്വാദത്തിനിടെ മുഴുവൻ അജൻഡകളും പാസാക്കി നഗരസഭാ അധ്യക്ഷ യോഗം പിരിച്ചുവിട്ടു. പ്രതിഷേധം ഫലംകണ്ടു; 
ഭക്ഷ്യകിറ്റുകൾ 
വീടുകളിലെത്തി തൃക്കാക്കര നഗരസഭാ ഓഫീസിനുമുന്നിലെ ഡിവൈഎഫ്‌ഐ ബുധനാഴ്‌ച നടത്തിയ പ്രതിഷേധത്തിനൊടുവിൽ അതിദരിദ്രരുടെ വീടുകളിൽ ഭക്ഷ്യകിറ്റ്‌ എത്തിച്ച്‌ ഉദ്യോഗസ്ഥർ. ബുധൻ വൈകിട്ടോടെയാണ്‌ നഗരപരിധിയിലെ അർഹരായ 41 കുടുംബങ്ങൾക്ക്‌ നഗരസഭാ ഉദ്യോഗസ്ഥർ ഭക്ഷ്യകിറ്റ്‌ എത്തിച്ചത്‌. ഭക്ഷ്യകിറ്റുകൾ ഉപയോഗശൂന്യമാക്കിയത്‌ വിവാദമായതോടെയാണ്‌ പുതിയ ഭക്ഷ്യകിറ്റുകൾ നൽകിയത്‌. കിറ്റുകൾ ഉപയോഗശൂന്യമാക്കിയത്‌ ഉദ്യോഗസ്ഥരാണെന്നാണ്‌ ക്ഷേമ സ്ഥിരംസമിതി അധ്യക്ഷയുടെ നിലപാട്‌. എന്നാൽ, ഇവർ അനുവാദം നൽകാത്തതുമൂലമാണ്‌ വിതരണം ചെയ്യാൻ കഴിയാതിരുന്നതെന്ന്‌ ഉദ്യോഗസ്ഥർ പറയുന്നു. Read on deshabhimani.com

Related News