കുഴുപ്പിള്ളി ബീച്ചിലെ ഫ്ലോട്ടിങ് ബ്രിഡ്ജ് 28ന് തുറന്നേക്കും
വൈപ്പിൻ കുഴുപ്പിള്ളി ബീച്ചിൽ സന്ദർശകർക്ക് കടലിലേക്ക് സുരക്ഷിതമായി ഇറങ്ങിച്ചെന്ന് കടലിളക്കത്തിന്റെ മനോഹാരിത ആസ്വദിക്കാൻ ഒരുക്കുന്ന ഫ്ലോട്ടിങ് ബ്രിഡ്ജ് 28ന് ഉദ്ഘാടനം ചെയ്തേക്കും. സാഹസിക ടൂറിസം പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായാണ് സൗകര്യം ഒരുക്കുന്നത്. നിർമാണം അവസാനഘട്ടത്തിലാണ്. ജില്ലയിൽ ആദ്യമായാണ് ഫ്ലോട്ടിങ് ബ്രിഡ്ജ് ഒരുങ്ങുന്നത്. സംസ്ഥാനത്ത് ഒമ്പത് ജില്ലകളിൽ ഇത്തരത്തിൽ ഫ്ലോട്ടിങ് ബ്രിഡ്ജുകൾ സ്ഥാപിക്കുന്നുണ്ട്. മൂന്നുമീറ്റർ വീതിയിൽ തീരത്തുനിന്ന് 100 മീറ്ററോളം നീളത്തിൽ കടലിലേക്ക് നീങ്ങുന്നതാണ് പാലം. പൊങ്ങിക്കിടക്കുന്ന കട്ടിയേറിയ പോളി എത്തിലിൻ ബ്ലോക്കുകൾ ഉപയോഗിച്ചാണ് നിർമാണം. ആയിരത്തോളം ബ്ലോക്കുകൾ ഇതിനായി വേണ്ടിവരും. ഒരുസമയം 50 പേർക്ക് പാലത്തിൽ കയറാം. ഇരുവശങ്ങളിലും സുരക്ഷാവേലി ഉണ്ടാകും. ലൈഫ് ജാക്കറ്റ് ധരിച്ചേ പ്രവേശിക്കാവൂ. ലൈഫ് ഗാർഡുമാരും ഉണ്ടാകും. 1.2 കോടി രൂപ ചെലവിലാണ് പദ്ധതിയൊരുങ്ങുന്നത്. തീരത്തിന്റെ സാഹസിക വിനോദസഞ്ചാരസാധ്യതകൾ കൂടുതൽ ഫലപ്രദമാക്കാനുള്ള ടൂറിസംവകുപ്പിന്റെ പദ്ധതിയുടെ ഭാഗമായാണ് കടൽപ്പാലം ഒരുക്കുന്നത്. മുംബൈ കേന്ദ്രീകരിച്ചുള്ള ഏജൻസിക്കായിരിക്കും നടത്തിപ്പ് ചുമതല. Read on deshabhimani.com