സ്വപ്നസാഫല്യത്തിലെ ആദ്യ വീട് ശ്രീബാലയ്ക്ക്
മുളന്തുരുത്തി കാറ്റിലും മഴയിലും വീട് തകർന്ന സെന്റ് ജോർജ് എൽപി സ്കൂൾ വിദ്യാർഥിനി ശ്രീബാലയ്‌ക്ക് അന്തരിച്ച സിപിഐ എം നേതാവും ആരക്കുന്നം സെന്റ് ജോർജ് ഹൈസ്കൂൾ മാനേജരും ആയിരുന്ന സി കെ റെജി നൽകിയ ഉറപ്പ് യാഥാർഥ്യമായി. സി കെ റെജി തുടക്കമിട്ട ഭവനപദ്ധതി അദ്ദേഹത്തിന്റെ വിയോഗത്തെ തുടർന്ന് ബോർഡ് മെമ്പർമാർ, ട്രസ്റ്റിമാർ, അധ്യാപകർ, രക്ഷാകർത്താക്കൾ തുടങ്ങിയവർ ചേർന്നാണ് മുന്നോട്ടുകൊണ്ടുപോയത്. യാക്കോബായ വലിയപള്ളി വിദ്യാഭ്യാസ ഏജൻസി, കെ ചിറ്റിലപ്പിള്ളി ഫൗണ്ടേഷനുമായി ചേർന്ന് നടപ്പാക്കുന്ന സ്വപ്നസാഫല്യം ഭവനപദ്ധതിയുടെ ഭാഗമായുള്ള ആദ്യ വീടാണ് ശ്രീബാലയ്‌ക്ക് കൈമാറിയത്. വീടിന്റെ താക്കോൽദാനം യാക്കോബായ സഭ മുംബൈ ഭദ്രാസന മെത്രാപോലീത്ത ഐസക് മോർ ഒസ്‌താത്തിയോസ് നിർവഹിച്ചു. സ്കൂൾ മാനേജർ സിബി മത്തായി അധ്യക്ഷനായി. കെ ചിറ്റിലപ്പിള്ളി ഫൗണ്ടേഷൻ എക്സിക്യൂട്ടീവ് ഡയറക്ടർ ഡോ. ജോർജ് സ്ലീബ, മുളന്തുരുത്തി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഷാജി മാധവൻ, പഞ്ചായത്ത് പ്രസിഡന്റ് മറിയാമ്മ ബെന്നി, വൈസ് പ്രസിഡന്റ് രതീഷ് കെ ദിവാകരൻ, ബ്ലോക്ക് പഞ്ചായത്ത് അംഗം ബിജു തോമസ്, മഞ്ജു അനിൽകുമാർ തുടങ്ങിയവർ സംസാരിച്ചു. പിടിഎയുടെ നേതൃത്വത്തിൽ വിദ്യാർഥികൾക്ക് പഠനോപകരണ വിതരണവും നടത്തി. Read on deshabhimani.com