രുചിയൂറും വിഭവങ്ങളുമായി കടമ്പ്രയാറിൽ തീരം കഫെ ഡ്രൈവ്
കിഴക്കമ്പലം പുതുവത്സരത്തിൽ പുത്തനുണർവുമായി കടമ്പ്രയാർ അണിഞ്ഞൊരുങ്ങുന്നു. വിവിധ മത്സ്യവിഭവങ്ങളുടെ നാവിൽ രുചിയൂറും വിഭവങ്ങളുമായി തീരം കഫെ ഡ്രൈവ് ശനിയാഴ്ച പ്രവർത്തനം തുടങ്ങും. ജിസിഡിഎ മുൻ ചെയർമാൻ സി എൻ മോഹനൻ വൈകിട്ട് 5.30ന് ഉദ്ഘാടനം ചെയ്യും. പി വി ശ്രീനിജിൻ എംഎൽഎ അധ്യക്ഷനാകും. തുടർന്ന് കൊച്ചി റിഥം ബാൻഡിന്റെ ഫ്യൂഷൻ. 21 മുതൽ 31 വരെ കുടുംബശ്രീയുടെ വിപണനമേളയും വിവിധ കലാപരിപാടികളും പുതുവത്സരാഘോഷവും സംഘടിപ്പിച്ചിട്ടുണ്ട്. ജില്ലയിലെ പ്രമുഖ ജലകേളീ വിനോദകേന്ദ്രമായ ഇവിടെ ആഭ്യന്തര വിദേശ ടൂറിസ്റ്റുകൾക്കായി വിപുലമായ പദ്ധതികളാണ് രണ്ടാംഘട്ടത്തിൽ വിഭാവനം ചെയ്തിട്ടുള്ളത്. കടമ്പ്രയാറിലെ പായലും പോളയും നീക്കി ആഴംകൂട്ടും. നടപ്പാത നവീകരണം, സാഹസിക വിനോദസഞ്ചാര പദ്ധതികൾ, കൃഷിവകുപ്പുമായി ചേർന്ന് ഫാം ടൂറിസം, കുട്ടികൾക്കായുള്ള വിനോദസഞ്ചാരപരിപാടികൾ നടപ്പാക്കാനാണ് ലക്ഷ്യം. വിവിധതരം ഉല്ലാസബോട്ട് യാത്ര ആരംഭിക്കുന്നതിന് ടൂറിസം സംരംഭകരുടെ സഹകരണത്തോടെ കടമ്പ്രയാർ ബോട്ട് ക്ലബ് യാഥാർഥ്യമാക്കും. ജില്ലയിലെ ഏറ്റവും മികച്ച പരിസ്ഥിതിസൗഹൃദ വിനോദസഞ്ചാര ഇടനാഴിയായി കടമ്പ്രയാർ പുഴയോരത്തെ മാറ്റുന്നതിനും അതിലൂടെ കൂടുതൽ വിനോദസഞ്ചാരാധിഷ്ഠിത സംരംഭങ്ങളും പ്രാദേശിക തൊഴിലവസരങ്ങളും സൃഷ്ടിക്കുന്നതിനുമാണ് മുഖ്യ പരിഗണനയെന്ന് ഡിഎംസി ചെയർമാൻ പി വി ശ്രീനിജിൻ എംഎൽഎ അറിയിച്ചു. സർക്കാരിന്റെയും വിവിധ സ്വകാര്യ പൊതുമേഖലാ സ്ഥാപനങ്ങളുടെയും പങ്കാളിത്തം ഉറപ്പുവരുത്തിയുള്ള മാതൃക അവലംബിക്കുമെന്നും അദ്ദേഹം പറഞ്ഞു. Read on deshabhimani.com