കെ ഫോൺ ; ഗുണഭോക്താക്കൾ മൂവായിരം കടന്നു
കൊച്ചി കുറഞ്ഞ ചെലവിൽ എല്ലാവർക്കും ഇന്റർനെറ്റ് സൗകര്യമെത്തിക്കാൻ ലക്ഷ്യമിടുന്ന കെ ഫോണിന് ജില്ലയിൽ പ്രിയമേറുന്നു. കെ ഫോൺ ഗുണഭോക്താക്കളുടെ എണ്ണം ജില്ലയിൽ മൂവായിരം കവിഞ്ഞു. വ്യാഴംവരെയുള്ള കണക്കുപ്രകാരം ജില്ലയിലെ കണക്‌ഷനുകൾ എണ്ണം 3037 ആയി. ഇതിൽ 2652 എണ്ണം വാണിജ്യ കണക്‌ഷനുകളാണ്. 385 കുടുംബങ്ങൾക്ക് സൗജന്യ കണക്‌ഷനും നൽകി. ജില്ലയിൽ ഇതുവരെ 1407 സർക്കാർ സ്ഥാപനങ്ങളിൽ കെ ഫോൺ എത്തി. വാണിജ്യ കണക്‌ഷനുകളിൽ കൂടുതൽ പുത്തൻവേലിക്കരയിലും കുന്നുകരയിലുമാണ്. 350ഓളം കണക്‌ഷനുകളാണ് ഇവിടെ നൽകിയത്. കണക്‌ഷൻ നൽകാൻ തയ്യാറായി 289 പ്രാദേശിക കേബിൾ ഓപ്പറേറ്റർമാർ ഇതുവരെ കെ ഫോണുമായി കരാർ ഒപ്പുവച്ചു. ഇവരിൽ 220 പേർക്ക് കെ ഫോണിന്റെ ലിങ്ക് കൈമാറി. കരാർ ഒപ്പുവച്ച കേബിൾ ഓപ്പറേറ്റർമാർ 5000 രൂപയുടെ വാലറ്റ് പേമെന്റ് നടത്തും. ഇത്തരത്തിൽ പേമെന്റ് നടത്തിയവർക്കാണ് ഒപ്‌റ്റിക്കൽ ഫൈബർവഴിയുള്ള ലിങ്ക് കെ ഫോൺ അധികൃതർ കൈമാറിയത്.ആദിവാസിമേഖലകളിൽ വിവിധ സ്ഥാപനങ്ങളുടെ സാമൂഹ്യപ്രതിബദ്ധതാ ഫണ്ട് ഉപയോഗിച്ച് കണക്‌ഷൻ നൽകും. കോതമംഗലം ഉൾപ്പെടെയുള്ള സ്ഥലങ്ങളിലെ ഊരുകളിലും വൈകാതെ കണക്‌ഷൻ എത്തിക്കും. ത്രൈമാസ, ആറുമാസ, വാർഷിക പ്ലാനുകൾക്ക് ഓഫറുകൾ കെ ഫോണിന്റെ ത്രൈമാസ, ആറുമാസ, വാർഷിക പ്ലാനുകൾക്ക് നിലവിൽ ഓഫറുകളുണ്ട്. ത്രൈമാസ പ്ലാൻ റീചാർജ് ചെയ്‌താൽ കൂടുതലായി 15 ദിവസം സൗജന്യ ഇന്റർനെറ്റ് ലഭിക്കും. ആറ് മാസ പ്ലാനിന് ഒരു മാസവും വാർഷിക പ്ലാനിന് രണ്ട് മാസവും സൗജന്യ ഇന്റർനെറ്റ് ഓഫർ ലഭിക്കും. ഏറ്റവും കുറഞ്ഞ താരിഫ് ഒരു മാസത്തേക്ക് ജിഎസ്‌ടി ഉൾപ്പെടെ 353 രൂപയുടെ പ്ലാനാണ്. കൂടുതൽ വിവരത്തിന് 18005704466 എന്ന ട്രോൾ ഫ്രീ നമ്പറിൽ വിളിക്കാം. enteKFON ആപ്പ് വഴിയും രജിസ്‌റ്റർ ചെയ്യാം. വരുന്നു ഐപിടിവി ടെലിവിഷൻ ചാനലുകൾ മൊബൈലിൽ കാണാൻ സാധിക്കുന്ന ഐപിടിവി ആപ്ലിക്കേഷനും വൈകാതെ കെ ഫോൺ ഗുണഭോക്താക്കൾക്ക് ലഭിക്കും. ഈ ആപ്ലിക്കേഷൻ വഴി ഡിജിറ്റൽ സെറ്റ് ടോപ് ബോക്‌സ് ഇല്ലാതെ ചാനലുകൾ സ്‌മാർട്ട് ടിവിയിലും കാണാം. Read on deshabhimani.com