ക്യാൻസർ റിസർച്ച് സെന്റർ ഫെബ്രുവരിയിൽ ഉദ്ഘാടനം ; നിർമാണം അന്തിമഘട്ടത്തിൽ
കളമശേരി പൊതുജനാരോഗ്യരംഗത്ത് വൻ കുതിപ്പിനൊരുങ്ങി കളമശേരി. കൊച്ചിൻ ക്യാൻസർ റിസർച്ച് സെന്ററും ഗവ. മെഡിക്കൽ കോളേജ് സൂപ്പർ സ്പെഷ്യാലിറ്റി ബ്ലോക്കും നിർമാണം അന്തിമഘട്ടത്തിൽ. ക്യാൻസർ സെന്റർ പൂർത്തിയാക്കി ജനുവരി 30ന് സർക്കാരിന് കൈമാറും. സൂപ്പർ സ്പെഷ്യാലിറ്റി ബ്ലോക്ക് മാർച്ച് അവസാനവും കൈമാറും. ക്യാൻസർ സെന്റർ ഫെബ്രുവരി ആദ്യവാരവും സൂപ്പർ സ്പെഷ്യാലിറ്റി ബ്ലോക്ക് മെയ് ആദ്യവാരവും ഉദ്ഘാടനം ചെയ്യുമെന്ന് മന്ത്രി പി രാജീവ് പറഞ്ഞു. സൂപ്പർ സ്പെഷ്യാലിറ്റി ബ്ലോക്കിലും ക്യാൻസർ സെന്ററിലും സന്ദർശനം നടത്തിയശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു മന്ത്രി. രണ്ടു പദ്ധതിയും പൂർത്തിയാകുന്നതോടെ ജില്ലയുടെ മെഡിക്കൽ ഹബ്ബായി കളമശേരി മാറുമെന്ന് മന്ത്രി പറഞ്ഞു. കിഫ്ബി പദ്ധതിയിൽ 610 കോടി രൂപ ചെലവഴിച്ച് നിർമിക്കുന്ന രണ്ടു സ്ഥാപനങ്ങളുടെയും നിർമാണച്ചുമതല ഇൻകലിനാണ്. നിർമാണ പുരോഗതി വിലയിരുത്തിയശേഷം അവശേഷിക്കുന്ന പ്രവർത്തനങ്ങൾ അതിവേഗം പൂർത്തിയാക്കാൻ നിർദേശം നൽകി. ഇൻകെൽ മാനേജിങ് ഡയറക്ടർ ഇളങ്കോവൻ, മെഡിക്കൽ കോളേജ് പ്രിൻസിപ്പൽ ഡോ. എസ് പ്രതാപ്, സിസിആർസി ഡയറക്ടർ ഡോ. ബാലഗോപാൽ, സൂപ്രണ്ട് എം ഗണേഷ് മോഹൻ തുടങ്ങിയവരും മന്ത്രിക്കൊപ്പമുണ്ടായിരുന്നു. ക്യാൻസർ സെന്റർ നൂതന ചികിത്സാ ഗവേഷണകേന്ദ്രമാകും കൊച്ചിൻ ക്യാൻസർ റിസർച്ച് സെന്റർ (സിസിആർസി) ഭാരിച്ച ചെലവുവരുന്ന ക്യാൻസർ ചികിത്സ സാധാരണക്കാർക്കും ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെ 2017ലാണ് എൽഡിഎഫ് സർക്കാർ തുടക്കമിട്ടത്. കേരളത്തിന്റെ അഭിമാനപദ്ധതിയായ സിസിആർസി, മറ്റു ക്യാൻസർ സെന്ററുകളിൽനിന്ന് വ്യത്യസ്തമായി ഗവേഷണത്തിനും പ്രാധാന്യം നൽകുന്നുണ്ട്. 6.4 ലക്ഷം ചതുരശ്ര അടി വിസ്തീർണമുള്ള കെട്ടിടത്തിൽ 360 കിടക്കകൾ സജ്ജമാക്കും. ഭാവിയിലെ ആവശ്യംകൂടി പരിഗണിച്ചുള്ളതാണ് പ്ലാൻ. ആശുപത്രി പണിപൂർത്തിയാക്കി ജനുവരി അവസാനം സർക്കാരിന് കൈമാറും. 384.34 കോടി രൂപ ചെലവിട്ട് കിഫ്ബി വഴിയാണ് പദ്ധതി നടപ്പാക്കുന്നത്. ഇതിൽ 225.59 കോടി രൂപ അടിസ്ഥാനസൗകര്യ വികസനത്തിനായി വിനിയോഗിക്കുന്നു. 159.75 കോടി രൂപ മെഡിക്കൽ ഉപകരണങ്ങൾ, വിവര സാങ്കേതികവിദ്യ, ഫർണിച്ചറുകൾ എന്നിവയ്ക്കുമാണ് വിനിയോഗിക്കുന്നത്. അർബുദത്തിന് നൂതനചികിത്സ സാധ്യമാകുന്ന രോഗനിർണയ, ചികിത്സാ സംവിധാനങ്ങളാണ് സെന്ററിൽ ഒരുങ്ങുന്നത്. എംആർഐ സ്കാൻ, ഡിജിറ്റൽ റേഡിയോഗ്രഫി, സിഎസ്എസ്ഡി, മോഡുലാർ ഒടി തുടങ്ങിയവ സ്ഥാപിച്ചു.പന്ത്രണ്ട് ഓപ്പറേഷൻ തിയറ്ററുകളുണ്ട്. ഇതിൽ ഒരെണ്ണം റോബോട്ടിക് ശസ്ത്രക്രിയയുടെ സാധ്യത കണക്കിലെടുത്തുള്ളതാണ്. കേരളത്തിലാദ്യമായി പ്രോട്ടോൺ തെറാപ്പി എന്ന നൂതന ചികിത്സയ്‌ക്കുള്ള സംവിധാനം മാസ്റ്റർ പ്ലാനിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. സെന്ററിൽ ഗവേഷണത്തിനും സ്റ്റാർട്ടപ് സംരംഭങ്ങൾക്കുമായി 7000 ചതുരശ്ര അടി സ്ഥലം മാറ്റിവച്ചിട്ടുണ്ട്. 500 കിലോവാട്ടിന്റെ സോളാർ പാനലും 16 ലിഫ്റ്റുകളും സജ്ജമാക്കുന്നുണ്ട്. സൂപ്പർ സ്പെഷ്യാലിറ്റി ബ്ലോക്ക് മികച്ച ചികിത്സ ഒരുക്കും നിലവിൽ 600ഓളം കിടക്കകളുള്ള എറണാകുളം ഗവ. മെഡിക്കൽ കോളേജിൽ സൂപ്പർ സ്പെഷ്യാലിറ്റി ബ്ലോക്ക് പ്രവർത്തനസജ്ജമാകുന്നതോടെ 1342 പേർക്ക് കിടത്തിച്ചികിത്സാ സൗകര്യമൊരുങ്ങും. ഇതോടെ കേരളത്തിലെ വൻകിട ആശുപത്രികളിലൊന്നായി ഇത് മാറും. ചികിത്സാരംഗത്ത് വിപ്ലവകരമായ മുന്നേറ്റമായിരിക്കും ഇതെന്ന് മന്ത്രി പി രാജീവ് പറഞ്ഞു. സൂപ്പർ സ്പെഷ്യാലിറ്റി ബ്ലോക്കിന്റെ മുഴുവൻ ജോലിയും ഏപ്രിൽ അവസാനത്തോടെ പൂർത്തിയാകും. നിയോ നാറ്റോളജി, പീഡിയാട്രിക് സർജറി, ന്യൂറോ സർജറി, യൂറോളജി, ട്രാൻസ്ഫ്യൂഷൻ മെഡിസിൻ, ഹൃദയ ശസ്ത്രക്രിയാ വിഭാഗം എന്നിവയുണ്ടാകും.286.66 കോടി രൂപയാണ് നിർമാണച്ചെലവ്. സൂപ്പർ സ്പെഷ്യാലിറ്റി ബ്ലോക്ക് 8.64 ലക്ഷം ചതുരശ്ര അടി വിസ്തീർണത്തിലാണ് ഒരുങ്ങുന്നത്. 18 ലിഫ്റ്റുകൾ ഉൾപ്പെടെ എല്ലാ ആധുനികസംവിധാനങ്ങളും ഒരുക്കിയിട്ടുണ്ട്. സിഎസ്എസ്ഡി, സിടി സ്കാൻ, ഡിജിറ്റൽ റേഡിയോഗ്രഫി, മോഡുലാർ ഒടി, ആർഒ പ്ലാന്റ് തുടങ്ങിയ സംവിധാനങ്ങൾ സ്ഥാപിക്കുന്ന നടപടി പുരോഗമിക്കുന്നു. കേരള സ്റ്റേറ്റ് മെഡിക്കൽ സർവീസസ് കോർപറേഷൻ ലിമിറ്റഡാണ് മെഡിക്കൽ ഉപകരണങ്ങൾ വിതരണം ചെയ്യുന്നത്.ജനുവരി അവസാനത്തോടെ നിർമാണപ്രവർത്തനങ്ങൾ പൂർത്തിയാകും. സാങ്കേതിക പരിശോധന ഫെബ്രുവരി അവസാനം പൂർത്തിയാകും. മെഡിക്കൽ ടൂറിസത്തിന്റെ സാധ്യതകൂടി പ്രയോജനപ്പെടുത്തി വിദേശികൾക്ക് മെഡിക്കൽ കോളേജിലെത്തി ചികിത്സ തേടാൻ അവസരമൊരുക്കുമെന്നും മന്ത്രി പറഞ്ഞു. Read on deshabhimani.com