ഗ്രീൻ വെജിറ്റബിൾ കർഷകസംഗമം സംഘടിപ്പിച്ചു



കളമശേരി സമഗ്ര കാർഷികവികസനത്തിനായി നിയോജകമണ്ഡലത്തിൽ മന്ത്രി പി രാജീവ് നടപ്പാക്കിവരുന്ന "കൃഷിക്കൊപ്പം കളമശേരി' പദ്ധതിയിൽ നടത്തുന്ന രണ്ടാമത് കാർഷികോത്സവം സെപ്തംബർ ഏഴുമുതൽ 13 വരെ കളമശേരി ചാക്കോളാസ് പവിലിയനിൽ നടക്കും. ഇതിനുമുന്നോടിയായി മണ്ഡലത്തിലെ തദ്ദേശസ്വയംഭരണസ്ഥാപനങ്ങളുടെയും 17 സഹകരണ ബാങ്കുകളുടെയും പങ്കാളിത്തത്തോടെ 20 വിഷയങ്ങളില്‍ സംഗമവും സെമിനാറുകളും സംഘടിപ്പിക്കുകയാണ്. ഇതിൽ ഒമ്പതാമതായി ഗ്രീൻ വെജിറ്റബിൾ കർഷകസംഗമവും കാർഷിക സെമിനാറും ഏലൂക്കര സർവീസ് സഹകരണ ബാങ്ക് ഹാളിൽ നടന്നു. കേരള ഫിഷറീസ് യൂണിവേഴ്സിറ്റി വൈസ് ചാൻസലർ ഡോ. ടി പ്രദീപ്‌കുമാർ സംഗമം ഉദ്ഘാടനം ചെയ്തു. കടുങ്ങല്ലൂർ പഞ്ചായത്ത് പ്രസിഡന്റ് സുരേഷ് മുട്ടത്തിൽ അധ്യക്ഷനായി. കൃഷിവകുപ്പ് മുന്‍‍ അസിസ്റ്റന്റ് ഡയറക്ടർ ബിജുമോൻ സക്കറിയ, ചീരക്കർഷകൻ പ്രകാശൻ മായിത്തറ എന്നിവര്‍ വിഷയം അവതരിപ്പിച്ചു. സംഘാടകസമിതി ജനറൽ കൺവീനർ എം പി വിജയൻ, ആലങ്ങാട് ബ്ലോക്ക് പഞ്ചായത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ വി എം അബുബക്കർ, കിഴക്കേ കടുങ്ങല്ലൂർ സർവീസ് സഹകരണ ബാങ്ക് പ്രസിഡന്റ് ടി കെ ഷാജഹാൻ, ഏലൂക്കര സഹകരണ ബാങ്ക് പ്രസിഡന്റ് സെയ്തുകുഞ്ഞ്, കൃഷിവകുപ്പ് ഡെപ്യൂട്ടി ഡയറക്ടർ ഇന്ദു പി നായർ, സെമിനാർ കമ്മിറ്റി കൺവീനർ നാസർ മഠത്തിൽ തുടങ്ങിയവർ സംസാരിച്ചു. Read on deshabhimani.com

Related News