ഹരിതകർമസേനയുടെ ആറ് 
മുച്ചക്രവാഹനങ്ങൾ നശിപ്പിച്ചു



പള്ളുരുത്തി വീടുകളിൽനിന്ന് മാലിന്യം ശേഖരിക്കാൻ ഹരിതകർമസേന ഉപയോഗിക്കുന്ന ആറു മുച്ചക്രവാഹനത്തിന്റെ ടയറുകൾ കീറി നശിപ്പിച്ചതായി പരാതി. കൊച്ചി നഗരസഭ 17–--ാം ഡിവിഷൻ പെരുമ്പടപ്പിലെ ഹരിതകർമസേനയുടെ വാഹനങ്ങളാണ് നശിപ്പിച്ചത്. പഷ്ണിത്തോട് പാലത്തിനുതാഴെ പഴയ ഷാപ്പിനുസമീപം വാഹനങ്ങൾ പാർക്ക് ചെയ്യുന്നത് സമീപവാസിയായ വ്യക്തി എതിർപ്പുയർത്തിയിരുന്നു. ഇയാൾ മാലിന്യം പുരയിടത്തിന് പുറത്തിട്ട് കത്തിക്കുന്നതും തണൽമരത്തിന് കേടുപാട്‌ സംഭവിച്ചതും പലതവണ ഹരിതകർമസേനാംഗങ്ങൾ ചൂണ്ടിക്കാണിച്ചത് വിരോധത്തിന് കാരണമായി. അതിന്റെ പേരിൽ ഹരിതകർമസേനയെ ഭീഷണിപ്പെടുത്തിയിരുന്നതായി പരാതിയിൽ പറഞ്ഞു. പൊതുമുതൽ നശിപ്പിച്ചതിനെതിരെ നടപടി എടുക്കണമെന്ന്‌ ആവശ്യപ്പെട്ട്‌ പള്ളുരുത്തി പൊലീസിലാണ് ഹരിതകർമസേന പരാതി നൽകിയത്. വാഹനം ഉപയോഗിക്കാൻ കഴിയാത്തതിനാൽ മാലിന്യനീക്കം സ്തംഭിച്ചു. പുറത്തുനിന്ന് വാഹനം വിളിച്ചാണ് വെള്ളിയാഴ്ച മാലിന്യം നീക്കിയത്. കുറ്റക്കാർക്കെതിരെ കർശന നടപടി സ്വീകരിക്കണമെന്ന് ഡിവിഷൻ കൗൺസിലർ സി എൻ രഞ്ജിത് ആവശ്യപ്പെട്ടു. പത്തു സ്ത്രീകളുടെ ഉപജീവനമാർഗമാണ് ഇല്ലാതായത്. Read on deshabhimani.com

Related News