പിയയുടെ ഓണാഘോഷം ഓണച്ചങ്ങാതിമാർക്കൊപ്പം
തൃപ്പൂണിത്തുറ പിയക്കൊപ്പം ഓണമാഘോഷിക്കാൻ ഓണക്കോടിയും സമ്മാനങ്ങളുമായി വിദ്യാർഥികളും അധ്യാപകരും അയൽക്കാരും എത്തി. സമഗ്രശിക്ഷാ കേരളം ബിആർസി തൃപ്പൂണിത്തുറയുടെ നേതൃത്വത്തിലാണ് ഭിന്നശേഷിക്കാരും ശയ്യാവലംബികളുമായ കുട്ടികളുടെ സാമൂഹീകരണത്തിന്റെ ഭാഗമായി സംഘടിപ്പിക്കുന്ന "ഓണച്ചങ്ങാതി’ പരിപാടിയിലാണ് ഉദയംപേരൂർ മാങ്കായിക്കവലയ്ക്കുസമീപത്തെ പിയ സേവ്യറുടെ വീട്ടിൽ എല്ലാവരും ഒത്തുചേർന്നത്. പിയയോടൊപ്പം ഓണച്ചങ്ങാതിമാരായി ജിയുപിഎസ് തെക്കുംഭാഗം സ്കൂളിലെ വിദ്യാർഥികളും അധ്യാപകരും ബിആർസി അധ്യാപകരും അയൽക്കാരും പങ്കെടുത്തു. രാവിലെമുതൽ പൂക്കളമിട്ടും ഊഞ്ഞാലാടിയും ഓണപ്പാട്ടുകൾ പാടിയും എല്ലാവരും ചേർന്ന് ഓണം ആഘോഷിച്ചു. പഞ്ചായത്ത് പ്രസിഡന്റ് സജിത മുരളി ഉദ്ഘാടനം ചെയ്തു. എൻ കെ ഷിനി അധ്യക്ഷയായി. തൃപ്പൂണിത്തുറ നഗരസഭാ വൈസ് ചെയർമാൻ കെ കെ പ്രദീപ് കുമാർ, എം കെ അനിൽകുമാർ, ടി വി ദീപ, ഷെമീന ബീഗം, പ്രേംരാജ്, പി ബി സിന്ധു എന്നിവർ സംസാരിച്ചു. Read on deshabhimani.com