ഗോതുരുത്ത് വള്ളംകളി നാളെ; ഇക്കുറി ചലഞ്ചിങ് ട്രോഫിയും
പറവൂർ ഓളപ്പരപ്പുകളിൽ ആവേശമുയർത്തി പറവൂർ മേഖലയിലെ വള്ളംകളി മത്സരങ്ങൾക്ക് ഞായറാഴ്‌ച തുടക്കമാകും. ഇരുട്ടുകുത്തിവള്ളങ്ങൾ മാറ്റുരയ്ക്കുന്ന ഗോതുരുത്ത് വള്ളംകളിയാണ് ഞായറാഴ്‌ച നടക്കുന്നത്. കടൽവാതുരുത്തിനും മൂത്തകുന്നത്തിനും മധ്യേ ഒഴുകുന്ന പെരിയാറിന്റെ കൈവഴിയിലാണ് ജലമാമാങ്കം. കടൽവാതുരുത്ത് ഹോളിക്രോസ് പള്ളിയിലെ തിരുനാളിന്റെ ഭാഗമായി ഗോതുരുത്ത് ദ സ്പോർട്സ് ആൻഡ് ആർട്‌സ് ക്ലബ്ബാണ് (എസ്എസി) 87–--ാമത് ജലമേള സംഘടിപ്പിക്കുന്നത്. എ ഗ്രേഡിൽ താണിയൻ, പൊഞ്ഞനത്തമ്മ നമ്പർ വൺ, സെന്റ് സെബാസ്റ്റ്യൻ ഒന്നാമൻ, ഗോതുരുത്തുപുത്രൻ, തുരുത്തിപ്പുറം, പുത്തൻപറമ്പിൽ, വെണ്ണക്കലമ്മ, താണിയൻ ദ ഗ്രേറ്റ് എന്നീ വള്ളങ്ങൾ മാറ്റുരയ്ക്കും. ചെറിയപണ്ഡിതൻ, ഗോതുരുത്ത്, മയിൽപ്പീലി, ശ്രീമുരുകൻ, പമ്പാവാസൻ, വടക്കുംപുറം, സെന്റ് സെബാസ്റ്റ്യൻ രണ്ടാമൻ, സെന്റ് ജോസഫ് രണ്ടാമൻ, തട്ടകത്തമ്മ, മടപ്ലാതുരുത്ത് എന്നിവയാണ് ബി ഗ്രേഡിൽ അങ്കത്തിനിറങ്ങുക. 516 മീറ്റർ ദൂരമുള്ള ട്രാക്കിലാണ് മത്സരങ്ങൾ. 11.30ന് പ്രതിപക്ഷനേതാവ് വി ഡി സതീശൻ ഉദ്ഘാടനം ചെയ്യും. മേഖലയിലാദ്യമായി ചലഞ്ചിങ് ട്രോഫിക്കുവേണ്ടിയുള്ള മത്സരങ്ങൾ നടക്കുന്നെന്ന പ്രത്യേകതയുമുണ്ട്. ഫൈനലിൽ എത്താത്ത വള്ളങ്ങൾക്ക് പരസ്പരം മത്സരിക്കാൻ അവസരം നൽകുന്ന ഒന്നാണിത്. ഹീറ്റ്സ്, ക്വാർട്ടർ, സെമി ഫൈനലുകൾക്കുശേഷമാകും ചലഞ്ചിന് അവസരം. ഒരു വള്ളത്തിന്റെ ക്യാപ്റ്റൻ മറ്റൊരു വള്ളത്തെ വെല്ലുവിളിക്കുകയും അവർ അത് അംഗീകരിക്കുകയും ചെയ്താൽ മത്സരം നടക്കും. ഹീറ്റ്സ്, ക്വാർട്ടർ, സെമി എന്നിവയിൽ പരസ്‌പരം മത്സരിച്ചവർ തമ്മിൽ ചലഞ്ച് അനുവദിക്കില്ല. ചലഞ്ചിൽ ജയിക്കുന്നവർക്ക് പ്രത്യേക ക്യാഷ് പ്രൈസും ട്രോഫിയുമുണ്ട്. ഒരു വള്ളത്തിന് ഒരു ചലഞ്ചിനേ അവസരം ഉണ്ടാകൂ. Read on deshabhimani.com