കുട്ടമ്പുഴ സൊസൈറ്റിയിൽ 3.71 കോടിയുടെ തട്ടിപ്പ്‌ ; കോൺഗ്രസ്‌ ബ്ലോക്ക്‌ സെക്രട്ടറി 
ഉൾപ്പെടെ 13 പ്രതികൾ



കോതമംഗലം കോൺഗ്രസ് നേതൃത്വം നൽകുന്ന കുട്ടമ്പുഴ അഗ്രികൾച്ചറൽ ഇംപ്രൂവ്‌മെന്റ് കോ–-ഓപ്പറേറ്റീവ് സൊസൈറ്റിയിൽ നടന്നത്‌ 3.71 കോടിയുടെ തട്ടിപ്പ്‌. കേസിൽ കുട്ടമ്പുഴ പൊലിസ് 13 പേർക്കെതിരെ എഫ്ഐആർ തയ്യാറാക്കി അന്വേഷണമാരംഭിച്ചു.  കോൺഗ്രസ് കോതമംഗലം ബ്ലോക്ക് സെക്രട്ടറിയും കുട്ടമ്പുഴ പഞ്ചായത്ത് സ്ഥിരംസമിതി അധ്യക്ഷനും സൊസൈറ്റി പ്രസിഡന്റുമായ കെ എ സിബി ഒന്നാംപ്രതിയും സൊസൈറ്റി സെക്രട്ടറി ഷൈല കരീം രണ്ടാംപ്രതിയുമാണ്‌. കുട്ടമ്പുഴ കോൺഗ്രസ് മണ്ഡലം പ്രസിഡന്റും പഞ്ചായത്ത്‌ അംഗവുമായ ജോഷി പൊട്ടയ്ക്കൽ, യൂത്ത് കോൺഗ്രസ് നേതാവും സൊസൈറ്റി ജീവനക്കാരനുമായ ആഷ്ബിൻ ജോസ് ഉൾപ്പെടെ 13 പേർക്കെതിരെയാണ് കേസെടുത്തിരിക്കുന്നത്. സണ്ണി വർഗീസ്, സിജോ വർഗീസ്, എ കെ ശിവൻ, പി കെ ചന്ദ്രൻ, ബാബു പത്മനാഭൻ, അരുൺ ചന്ദ്രൻ, ലിസി സേവ്യർ, സിന്ധു എൽദോസ്, ബേബി പോൾ എന്നിവരാണ്‌ മറ്റു പ്രതികൾ. എറണാകുളം സഹകരണസംഘം ജോയിന്റ്‌ രജിസ്ട്രാർ നൽകിയ പരാതിയിലാണ്‌ കേസെടുത്തത്‌. കീരംപാറ സ്വദേശി ആൽവിൻ വത്സനാണ് ആദ്യം തട്ടിപ്പിനെക്കുറിച്ച്‌ പരാതി നൽകിയത്‌. ആൽവിനും കുടുംബാംഗങ്ങളും 2021 മുതൽ 39 സ്ഥിരനിക്ഷേപങ്ങളിലായി സൊസൈറ്റിയിൽ 74 ലക്ഷം രൂപ നിക്ഷേപിച്ചു. എന്നാൽ, പണം തിരികെ ആവശ്യപ്പെട്ടപ്പോൾ അവധിപറഞ്ഞ് 10 ലക്ഷം രൂപ മാത്രമാണ് നൽകിയത്. തുടർന്ന് സഹകരണസംഘം രജിസ്ട്രാർക്ക്‌ പരാതി നൽകിയതോടെയാണ് തട്ടിപ്പ്‌ പുറത്തറിയുന്നത്‌. പരാതിയിൽ അന്വേഷണം നടത്തണമെന്ന്‌ സഹകരണസംഘം  അസി. രജിസ്ട്രാർ കുട്ടമ്പുഴ പൊലീസിനോട് നിർദേശിച്ചു. ആൽവിനെക്കൂടാതെ നിരവധിപേർ തട്ടിപ്പിനിരയായ വിവരവും പുറത്തുവന്നു. 3,71,46,248 കോടിയുടെ തട്ടിപ്പാണ്‌ ഇപ്പോൾ കണ്ടെത്തിയിട്ടുള്ളത്‌. സൊസൈറ്റിയിൽ സാമ്പത്തിക തട്ടിപ്പുനടത്തിയെന്നും കുറ്റക്കാർക്കെതിരെ നടപടി വേണമെന്നും ആവശ്യപ്പെട്ട് എറണാകുളം സഹകരണസംഘം ജോയിന്റ്‌ രജിസ്ട്രാർ കുട്ടമ്പുഴ പൊലിസിൽ പരാതി നൽകിയത്. Read on deshabhimani.com

Related News