ലുംബിനിയുടെ സ്‌നേഹമറിയിച്ച് നേപ്പാൾ സംഘമെത്തി
കൊച്ചി ശ്രീബുദ്ധന്റെ ജന്മസ്ഥലമായ ലുംബിനിയുടെ സാഹോദര്യം പങ്കിട്ട് ബൻഗംഗ നഗരത്തിന്റെ മേയർ ചക്രപാണി ആര്യാലും മുപ്പതംഗ പ്രതിനിധിസംഘവും കൊച്ചി കോർപറേഷനിലെത്തി. കപിലവസ്‌തു ജില്ലയിലെ ലുംബിനി പ്രവിശ്യയിലുള്ള നഗരസഭയാണ് ബൻഗംഗ. വിനോദസഞ്ചാരം, വാണിജ്യം, സാംസ്കാരികവിനിമയം, ആരോഗ്യം എന്നീ മേഖലകളിൽ കൊച്ചി നഗരവുമായി സഹകരിച്ച് പ്രവർത്തിക്കാനുള്ള താൽപ്പര്യം മേയർ എം അനിൽകുമാറിനെ അറിയിച്ചാണ് നേപ്പാൾസംഘം മടങ്ങിയത്. കൊച്ചി നഗരസഭ, നഗരവികസനരംഗത്ത് നടത്തിവരുന്ന പദ്ധതികളെക്കുറിച്ചും പരിപാടികളെക്കുറിച്ചും സംസ്ഥാന സർക്കാർ പദ്ധതികളെക്കുറിച്ചും സംഘത്തോട് മേയർ വിശദീകരിച്ചു. കൊച്ചി നഗരത്തിലെ വിവിധ പദ്ധതികളെക്കുറിച്ച് നഗരസഭാ സെക്രട്ടറി ചെൽസാസിനി, സൂപ്രണ്ടിങ് എൻജിനിയർ കെ എൻ ബിജോയ്, ഹെൽത്ത് ഓഫീസർ ഡോ. ശശികുമാർ എന്നിവർ പ്രതിനിധിസംഘവുമായി സംസാരിച്ചു. ഡെപ്യൂട്ടി മേയർ കെ എ അൻസിയ, സ്ഥിരംസമിതി അധ്യക്ഷർ, ഉദ്യോഗസ്ഥർ എന്നിവരും കൂടിക്കാഴ്‌ചയിൽ പങ്കെടുത്തു. "യെച്ചൂരി നേപ്പാളിന്റെയും നേതാവ്' അന്തരിച്ച സിപിഐ എം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരിക്ക് നേപ്പാളുമായി ഉണ്ടായിരുന്ന സൗഹൃദം വികാരവായ്‌പോടെയാണ് നേപ്പാൾ സംഘം പങ്കുവച്ചത്. നേപ്പാളിന്റെ ആധുനിക ഭരണഘടന തയ്യാറാക്കുന്നതിലും ജനാധിപത്യ പുനഃസ്ഥാപനത്തിലും വിഘടിച്ചുനിന്ന കമ്യൂണിസ്റ്റ് പാർടികളെ മുഖ്യധാരാ രാഷ്ട്രീയത്തിന്റെ ഭാഗമാക്കുന്നതിലും യെച്ചൂരി വഹിച്ച പങ്ക് ബൻഗംഗ മേയർ ചക്രപാണി ആര്യാൽ വിശദീകരിച്ചു. നേപ്പാളിലെ സാധാരണ കമ്യൂണിസ്റ്റ് പാർടി പ്രവർത്തകർക്കുപോലും അടുത്തറിയാവുന്ന നേതാവാണ് യെച്ചൂരിയെന്ന് ചക്രപാണി ആര്യാൽ പറഞ്ഞു. 1990ൽ നേപ്പാളിലെ മാവോവാദി ഗ്രൂപ്പുകളുമായുള്ള സമാധാന ഉടമ്പടിക്ക് പ്രധാന പങ്കുവഹിച്ചത് യെച്ചൂരിയാണ്. അവരെ മുഖ്യധാരാ രാഷ്‌ട്രീയത്തിലേക്ക് കൊണ്ടുവരാനും അദ്ദേഹം യത്നിച്ചു. നേപ്പാളിൽ ജനാധിപത്യം പുനഃസ്ഥാപിക്കുന്നതിലും വലിയ പങ്കാണ് വഹിച്ചത്. അദ്ദേഹത്തിന്റെ വിയോഗം നേപ്പാളിന്റെയും നഷ്‌ടമാണെന്നും ദുഃഖത്തിൽ പങ്കുചേരുന്നതായും അദ്ദേഹം പറഞ്ഞു. കമ്യൂണിസ്റ്റ് പാർടി ഓഫ് നേപ്പാൾ (യൂണിഫൈഡ് മാർക്സിസ്റ്റ്- ലെനിനിസ്റ്റ്) നേതാവാണ് ചക്രപാണി ആര്യാൽ. Read on deshabhimani.com