മുഖം മിനുക്കാൻ ചങ്ങമ്പുഴ പാർക്ക്‌; ചുറ്റും കാന നിർമാണം തുടങ്ങി



കൊച്ചി നഗരത്തിന്റെ സാംസ്‌കാരിക കേന്ദ്രമായ ഇടപ്പള്ളി ചങ്ങമ്പുഴ പാർക്കിലെ നവീകരണ ജോലികളുടെ ഭാഗമായി കാനകളുടെ നിർമാണം തുടങ്ങി. ജിസിഡിഎയുടെ നേതൃത്വത്തിൽ സിഎസ്‌എംഎല്ലിന്റെ 4.01 കോടി രൂപ ചെലവഴിച്ചുള്ള സമഗ്ര നവീകരണത്തിനാണ്‌ വെള്ളിയാഴ്‌ച തുടക്കമായത്‌. രണ്ടേക്കർ വിസ്‌തൃതിയിലുള്ള പാർക്കിന്‌ ചുറ്റും 40 സെന്റിമീറ്റർ വീതിയിലും 50 സെന്റിമീറ്റർ ആഴത്തിലുമാണ്‌ കാന പണിയുന്നത്‌. നിലവിൽ വീതിയും ആഴവും കുറഞ്ഞ കാനയാണുള്ളത്‌. പലഭാഗത്തും പൊട്ടിപ്പൊളിഞ്ഞ്‌ മാലിന്യം നിറഞ്ഞനിലയിലാണ്‌. റോഡ്‌ നിരപ്പിൽനിന്ന്‌ വളരെ താഴെയായതിനാൽ മഴക്കാലത്ത്‌ വെള്ളം പുറത്തേക്കൊഴുകും. കാനയുടെ നിർമാണം പൂർത്തിയാക്കി സ്ലാബുകൾ വിരിക്കും.   ആറുമാസത്തിനകം പൂർത്തിയാകുന്ന നവീകരണത്തിന്റെ ഭാഗമായി പാർക്കിന്റെ ഭൂമി റോഡ് നിരപ്പിനൊപ്പം ഉയർത്തും. സ്റ്റേജും ഓഡിറ്റോറിയവും കൂടുതൽപേരെ ഉൾക്കൊള്ളുന്നതാക്കും. പുതിയ ജലനിർഗമന സംവിധാനം, കൂടുതൽ ശുചിമുറി, വിശ്രമമുറി, പാർക്കിനുള്ളിലെ നടപ്പാത നവീകരണം, ആകർഷകമായ ചുറ്റുമതിൽ നിർമാണം, പുതിയ വെളിച്ചസംവിധാനം, ചെടികളും പുല്ലും വളർത്തിയ മുറ്റം, ഇപ്പോഴത്തെ ഓഫീസ് കെട്ടിടത്തിനുമുകളിൽ ആർട്ട്‌ ഗ്യാലറി, ചെറിയ ആംഫി തിയറ്റർ എന്നിവയും നവീകരണത്തിലൂടെ പൂർത്തിയാക്കും. ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ആർക്കിടെക്ട്സാണ്‌ രൂപരേഖ തയ്യാറാക്കിയത്‌. Read on deshabhimani.com

Related News