കൂട്ടുകാരനെ കൊണ്ടുവിടാൻ പോയത് മരണത്തിലേക്ക്
കളമശേരി മഞ്ഞുമ്മൽ–-ചേരാനല്ലൂർ ഫെറിയിൽ കടത്തുകടന്ന് വ്യാഴം വൈകിട്ട് 6.30 ഓടെ കെൽവിൻ ചേരാനല്ലൂരിലെത്തി. കെൽവിന്റെ ഇരുചക്രവാഹനം മഞ്ഞുമ്മൽ കടവിലായിരുന്നു വച്ചത്. ചേരാനല്ലൂരിലെ കൂട്ടുകാരനെ കാണാനാണ് അവിടെ എത്തിയത്. ഇപ്പോൾത്തന്നെ വന്നാൽ മഞ്ഞുമ്മലിലേക്ക് തിരികെ കടക്കാമെന്ന് കടത്തുകാരൻ പറഞ്ഞിരുന്നു. കൂട്ടുകാരന്റെ സ്കൂട്ടറിൽ തിരിച്ചുവന്നോളാമെന്നും കാത്തുനിൽക്കേണ്ടെന്നുമായിരുന്നു കെൽവിൻ പറഞ്ഞത്. പിന്നീട് രാത്രിയോടെയാണ് സുഹൃത്ത് ആസാദിന്റെ സ്കൂട്ടറിൽ മുട്ടാർ കവലവഴി മഞ്ഞുമ്മലിൽ ഇവർ എത്തിയത്. മഞ്ഞുമ്മൽ-–-ചേരാനല്ലൂർ റോഡിലൂടെ 10.25ന് ഇരുവരും വാഹനത്തിൽ വരുന്നതിന്റെ സിസിടിവി ദൃശ്യങ്ങളുണ്ട്. കെൽവിനായിരുന്നു വാഹനം ഓടിച്ചിരുന്നത്. കെൽവിന്റെ വാഹനമെടുക്കുകയായിരുന്നു ഇവരുടെ ലക്ഷ്യം. മഞ്ഞുമ്മൽ–-ചേരാനല്ലൂർ ഫെറി റോഡ് അവസാനിക്കുന്നത് പെരിയാറിലാണ്. ഇവിടെ റോഡ് പുഴയിലേക്ക് ഇറക്കി പത്തടിയോളം കോൺക്രീറ്റ് ചെയ്തിട്ടുണ്ട്. ഇരുട്ടിൽ പുഴയും വഴിയും തിരിച്ചറിയാതെ വാഹനം പുഴയിലേക്ക് വീണിരിക്കാമെന്നാണ് പൊലീസിന്റെ നിഗമനം. അപകടത്തെ തുടർന്ന് ഏലൂർ നഗരസഭാ ബാരിക്കേഡുവച്ച് പുഴയിലേക്കുള്ള വഴി ഭാഗികമായി അടച്ചു. Read on deshabhimani.com