65ൽ ലോകനേട്ടം സ്വന്തമാക്കി അങ്കമാലിക്കാരൻ
അങ്കമാലി മാലദ്വീപിൽ എട്ടിന് നടന്ന ലോക ശരീരസൗന്ദര്യ മത്സരത്തിൽ മാസ്റ്റേഴ്സ് വിഭാഗത്തിൽ അങ്കമാലി സ്വദേശി ഡോ. പീറ്റർ ജോസഫ് ഇന്ത്യക്കായി വെള്ളിമെഡൽ നേടി. കഴിഞ്ഞവർഷം ദക്ഷിണകൊറിയയിൽ നടന്ന ഇതേ ചാമ്പ്യൻഷിപ്പിൽ ഇദ്ദേഹം സ്വർണമെഡൽ ജേതാവായിരുന്നു. ഭാരോദ്വഹനത്തിലും 2019ൽ അമേരിക്കയിൽ നടന്ന ലോകമത്സരത്തിലും ഇന്ത്യക്കായി സ്വർണം നേടിയിട്ടുണ്ട്. ഭാരോദ്വഹനത്തിലും ശരീരസൗന്ദര്യമത്സരത്തിലും ലോകചാമ്പ്യനായിട്ടുള്ള ഏക വ്യക്തിയാണ്. റെയിൽവേ ഉദ്യോഗസ്ഥനായിരുന്ന ഡോ. പീറ്റർ സ്വയംവിരമിച്ചശേഷം നടത്തിയ പരിശ്രമമാണ് നേട്ടങ്ങൾ കൈവരിക്കാനിടയാക്കിയത്. ഇദ്ദേഹം കണ്ടുപിടിച്ച മാജിക് ജിം മെഷീന് കഴിഞ്ഞവർഷം പേറ്റന്റ് ലഭിക്കുകയുണ്ടായി. അങ്കമാലി ലീഹാൻസ് ജിമ്മിന്റെ ഉടമ കൂടിയാണ്. പത്തൊമ്പതാംവയസ്സിൽ കേരള സർവകലാശാലയിൽ ഭാരോദ്വഹനത്തിൽ സ്വർണം നേടിയാണ് കാലടി ശ്രീശങ്കര കോളേജിൽനിന്ന് കായിക ജീവിതം ആരംഭിച്ചത്. ആലുവ യുസി കോളേജിൽ ബിരുദാനന്തരബിരുദം നേടി കേരള സർവകലാശാല ശരീരസൗന്ദര്യമത്സരത്തിൽ സ്വർണം നേടി. 21–--ാംവയസ്സിൽ മിസ്റ്റർകേരള പട്ടം, ചെന്നൈയിൽ റെയിൽവേയിൽ ജോലി ചെയ്യുമ്പോൾ 1990-ൽ മിസ്റ്റർ തമിഴ്നാടായി, മിസ്റ്റർ സൗത്ത് ഇന്ത്യ 2002-ൽ, 2010-ൽ മിസ്റ്റർ ഇന്ത്യ നേടി റെക്കോഡ് സൃഷ്ടിച്ചു. 2012 വേൾഡ് മാസ്റ്റേഴ്‌സ് ലോക സൗന്ദര്യമത്സരത്തിൽ ഗ്രീസിൽ ഭാരോദ്വഹനത്തിലും ബോഡി ബിൽഡിങ്ങിലും ലോക സ്വർണമെഡലുകൾ നേടിയ ഏകവ്യക്തിയുമാണ്. Read on deshabhimani.com