എണ്ണൂറോളം കുടുംബങ്ങൾക്ക് പട്ടയം ലഭിക്കും



കോതമംഗലം പതിറ്റാണ്ടുകളുടെ കാത്തിരിപ്പിന് വിരാമമിട്ട്‌ കല്ലേലിമേട്ടിലെയും മണികണ്ഠൻചാലിലെയും പട്ടയനടപടികൾക്ക് തുടക്കമായി. 1983–--84 കാലത്ത് റവന്യു, വനം വകുപ്പുകൾ നടത്തിയ സംയുക്തപരിശോധനയിൽ ഉൾപ്പെട്ടവർക്കും ഭൂമി കൈമാറി കിട്ടിയവർക്കും റവന്യുഭൂമി കൈവശംവച്ചവർക്കുമാണ് ആദ്യഘട്ടത്തിൽ പട്ടയം അനുവദിക്കുക. പ്രദേശത്തെ എണ്ണൂറോളം കുടുംബങ്ങൾക്ക് പട്ടയം നൽകാനുള്ള നടപടികൾക്കാണ് തുടക്കമായതെന്ന് ആന്റണി ജോൺ എംഎൽഎ പറഞ്ഞു. 1993ലെ വനഭൂമി കൈയേറ്റം ക്രമീകരിക്കൽ ചട്ടപ്രകാരം നാലേക്കർവരെയുള്ള ഭൂമിക്കാണ് പട്ടയം നൽകുക. ബാക്കിയുള്ള ഭൂമിക്കും തുടർന്ന് 1964ലെ ഭൂമി പതിവ് ചട്ടപ്രകാരം പട്ടയം അനുവദിക്കും. വനം, റവന്യു വകുപ്പുകളുടെ പട്ടികയിൽ ഉൾപ്പെട്ടവരും അവരിൽനിന്ന് ഭൂമി കൈമാറി കിട്ടിയവരും കോതമംഗലം ഭൂമി പതിവ് സ്പെഷ്യൽ ഓഫീസിൽ രണ്ടാംനമ്പർ ഫോറത്തിൽ അപേക്ഷ നൽകണം. പരിശോധന പൂർത്തിയാക്കി രണ്ടാഴ്ചയ്‌ക്കുള്ളിൽ പ്രദേശത്തെ സർവേ ആരംഭിക്കുമെന്നും എംഎൽഎ പറഞ്ഞു. കല്ലേലിമേട്ടിലും മണികണ്ഠൻചാലിലും ചേർന്ന ജനകീയസദസ്സുകൾ എംഎൽഎ ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് പ്രസിഡന്റ് കാന്തി വെള്ളക്കയ്യൻ അധ്യക്ഷയായി. കെ കെ ഗോപി, ഗോപി ബദറൻ, ഡെയ്സി ജോയി, ബിനേഷ് നാരായണൻ, സജിമോൻ മാത്യു, ഇ കെ ശിവൻ തുടങ്ങിയവർ സംസാരിച്ചു.   Read on deshabhimani.com

Related News