കേന്ദ്രം കനിയുമോ ; 
പ്രതീക്ഷയോടെ ജില്ല



കൊച്ചി എൻഡിഎ സർക്കാർ 2023 ഫെബ്രുവരി ഒന്നിന്‌ അവതരിപ്പിച്ച ഇടക്കാല ബജറ്റിൽ കൊച്ചിക്ക്‌ ലഭിച്ച ഒരേയൊരു വിഹിതം ഹിൽ ഇന്ത്യ (ഹിന്ദുസ്ഥാൻ ഇൻസെക്‌ടിസൈഡ്‌സ്‌)ക്ക്‌ അനുവദിച്ച 486 കോടി രൂപയാണ്‌. കമ്പനി അടച്ചുപൂട്ടൽ വേഗത്തിലാക്കാനുള്ള ഒരുകൈ സഹായമായിരുന്നു അതെന്നുമാത്രം. 104 കോടി രൂപയുടെ വായ്‌പ എഴുതിത്തള്ളിയതിനുപുറമെയാണ്‌ ഹിൽ ഇന്ത്യക്ക്‌ കേന്ദ്രം വായ്‌പയായും വാരിക്കോരി നൽകിയത്‌. എന്തായാലും കാര്യങ്ങൾ വേഗത്തിൽ നടന്നു. ജീവനക്കാരുടെ ശമ്പളകുടിശ്ശികയും വിരമിച്ചവരുടെ ആനുകൂല്യങ്ങളും ഉൾപ്പെടെ നൽകി മാർച്ചോടെ ഹിൽ ഇന്ത്യ വേഗംതന്നെ പൂട്ടി. ജില്ലയിലെ വാണിജ്യ, വ്യവസായ മേഖലയ്‌ക്കും അടിസ്ഥാനസൗകര്യ വികസനത്തിനും ആവശ്യമായ സഹായം നിഷേധിക്കുമ്പോഴാണ്‌ നിലവിലുള്ള വ്യവസായശാലകളിലൊന്ന്‌ കോടികൾ ചെലവഴിച്ച്‌ കേന്ദ്രം പൂട്ടിച്ചത്‌.  മൂന്നാം എൻഡിഎ സർക്കാരിന്റെ ആദ്യബജറ്റ്‌ ചൊവ്വാഴ്‌ച അവതരിപ്പിക്കുമ്പോൾ പതിവുപോലെ കേന്ദ്രത്തിൽനിന്ന്‌ നന്മ പ്രതീക്ഷിക്കുകയാണ്‌ കൊച്ചി. ഇക്കുറി പ്രതീക്ഷകളുടെ മുൻനിരയിൽ കളമശേരി എച്ച്‌എംടിയുണ്ട്‌. പാർലമെന്ററി സമിതി ശുപാർശപ്രകാരം എച്ച്‌എംടി പുനരുദ്ധാരണത്തിന്‌ കൺസൾട്ടന്റിനെ നിയോഗിച്ചിട്ടുള്ള കമ്പനി അതിനുള്ള സഹായം ബജറ്റിലുണ്ടാകുമെന്ന പ്രതീക്ഷയിലാണ്‌. ആറ്‌ ഉൽപ്പാദന യൂണിറ്റുകളുടെയും സമൂല പുനരുദ്ധാരണമാണ്‌ കമ്പനി ലക്ഷ്യമിടുന്നത്‌.    സംസ്ഥാന സർക്കാർ ജിഎസ്‌ടിയും സ്റ്റാമ്പ്‌ നികുതിയും ഒഴിവാക്കിയതോടെ അങ്കമാലി–-കുണ്ടന്നൂർ സമാന്തര ബൈപാസ്‌ നിർമാണത്തിന്‌ വേഗമായെങ്കിലും നിലവിലുള്ള പാതയിലെ വൈറ്റില, ഇടപ്പള്ളി ജങ്ഷനുകളുടെ വികസനം ഇപ്പോഴും കടലാസിൽത്തന്നെ. കൊച്ചി കപ്പൽശാല രാജ്യത്തിന്റെ അഭിമാനസ്ഥാപനമായി ഉയർന്നിട്ടുണ്ടെങ്കിലും അർഹമായ പരിഗണന ഇനിയും ലഭിച്ചിട്ടില്ല. സ്വകാര്യമേഖലയിൽ വൻകിട കപ്പൽനിർമാണശാലകൾ പ്രഖ്യാപിച്ചിരിക്കെ കേന്ദ്രസഹായം കൊച്ചി കപ്പൽശാല പ്രതീക്ഷിക്കുന്നു. വിഴിഞ്ഞം തുറമുഖം പ്രവർത്തനം ആരംഭിച്ചതോടെ അടിസ്ഥാനസൗകര്യ വികസനത്തിൽ ഉൾപ്പെടെ കൊച്ചി തുറമുഖ ട്രസ്റ്റ്‌ കേന്ദ്രത്തിന്റെ കാരുണ്യം പ്രതീക്ഷിക്കുന്നു. പടിഞ്ഞാറൻ തീരത്തിന്റെ സംരക്ഷണം സംസ്ഥാന സർക്കാർ കേന്ദ്രത്തിനുമുന്നിൽ സമർപ്പിച്ചിട്ടുള്ള പദ്ധതിയാണ്‌. കടലാക്രമണവും തീരശോഷണവും തടയാനുള്ള പദ്ധതികൾക്കാണ്‌ സഹായം വേണ്ടത്‌. അങ്കമാലി–-എരുമേലി ശബരി റെയിൽ പദ്ധതിയുടെ 50 ശതമാനം തുക സംസ്ഥാനം വഹിക്കണമെന്ന നിബന്ധന അംഗീകരിച്ചിട്ടും കേന്ദ്രം മൗനത്തിലാണ്‌. ഇടക്കാല ബജറ്റിൽ 100 കോടി പ്രഖ്യാപിച്ചെങ്കിലും റെയിൽവേ അനങ്ങിയിട്ടില്ല. കൊച്ചി മെട്രോ റെയിലിന്റെ ഇൻഫോപാർക്ക്‌ പാത നിർമാണം, ദേശീയപാത പദ്ധതികൾ, ഗ്രീൻ ഹൈഡ്രജൻ പദ്ധതി, സബർബൻ റെയിൽ, സൗത്ത്‌–-നോർത്ത്‌ റെയിൽവേ സ്‌റ്റേഷനുകളുടെ നവീകരണം പൂർത്തിയാക്കൽ തുടങ്ങിയ പ്രധാന പദ്ധതികളുടെ കാര്യത്തിലും കൊച്ചി കേന്ദ്രബജറ്റിൽ പ്രതീക്ഷവയ്‌ക്കുന്നു. Read on deshabhimani.com

Related News