നഗരത്തിലെ മയക്കുമരുന്ന് കേസുകൾ 3804
കൊച്ചി കൊച്ചി സിറ്റി പൊലീസ് നഗരത്തിൽ ഈ വർഷം രജിസ്റ്റർ ചെയ്തത് 3804 മയക്കുമരുന്ന് കേസുകൾ. കഴിഞ്ഞ വർഷത്തേക്കാൾ 1053 എണ്ണം കൂടുതൽ. സെപ്‌തംബർവരെയുള്ള കണക്കുകൾപ്രകാരം വിവിധ സ്‌റ്റേഷൻ പരിധികളിലായി സിറ്റി പൊലീസ് രജിസ്റ്റർ ചെയ്ത മയക്കുമരുന്ന് കേസുകളുടെ കണക്കാണിത്. മയക്കുമരുന്ന് ഉപയോഗവും വിൽപ്പനയും തടയാൻ സിറ്റി പൊലീസ് നടത്തുന്ന ശ്രമങ്ങളുടെ ഫലമായാണ് കേസുകൾ വർധിച്ചതെന്ന് കൊച്ചി സിറ്റി നാർകോട്ടിക് സെൽ അസിസ്റ്റന്റ് കമീഷണർ കെ എ അബ്‌ദുൾ സലാം പറഞ്ഞു. 2751 കേസുകളാണ് കഴിഞ്ഞ വർഷം രജിസ്റ്റർ ചെയ്‌തത്. 4031 പേരാണ് വിവിധ കേസുകളിലായി ഈ വർഷം അറസ്റ്റിലായത്. കഴിഞ്ഞവർഷം 3024 പേർ അറസ്‌റ്റിലായി. മയക്കുമരുന്ന് ഉപയോഗിക്കുന്നവർക്ക് പ്രിയം എംഡിഎംഎയാണെന്ന് കണക്കുകൾ സൂചിപ്പിക്കുന്നു. 1710.4 ഗ്രാം എംഡിഎംഎയാണ് പിടികൂടിയത്. കഴിഞ്ഞവർഷം പിടികൂടിയത് 1402.3 ഗ്രാം എംഡിഎംഎയാണ്. ഈ വർഷം 293.81 കിലോ കഞ്ചാവും 203.34 ഗ്രാം ഹാഷിഷ് ഓയിലും പിടികൂടി. 58.10 കിലോ കഞ്ചാവ് മിഠായികളും പിടികൂടിയിട്ടുണ്ട്. കഞ്ചാവ് മിഠായികൾ കൂടുതൽ കണ്ടെത്തിത്തുടങ്ങിയത് ഈ വർഷംമുതലാണ്. കൊച്ചി നഗരത്തിൽ 2021ൽ രജിസ്റ്റർ ചെയ്തത് 910 മയക്കുമരുന്ന് കേസുകളാണ്. Read on deshabhimani.com